രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടി വരില്ല: കോടതിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ പ്രതിഷേധം

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനയെത്തുടര്‍ന്ന് കോടതിയ്ക്ക് മുന്നില്‍ പൊതിച്ചോറുമായി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ആശുപത്രികളില്‍ സൗജന്യമായി പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയെ രാഹുല്‍ അപമാനിച്ചിരുന്നു. അനാശാസ്യം എന്നു വിളിച്ചാണ് രാഹുല്‍ ഹൃദയപൂര്‍വ്വം പദ്ധതിയെ ആക്ഷേപിച്ചത്.
പ്രതിഷേധസൂചകമായി രാഹുല്‍ മാങ്കൂട്ടത്തിലിന് പൊതിച്ചോര്‍ കൈമാറുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ആശുപത്രികളിലായി ദിവസേന 47,000 പൊതിച്ചോറുകളാണ് സംഘടന വിതരണം ചെയ്യുന്നതെന്നും അതിനെ അനാശാസ്യമെന്ന് രാഹുല്‍ വിശേഷിപ്പിച്ച് അപമാനിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടി വരില്ല, ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ കൊടുക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കുന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു. കാസര്‍കോട് വെച്ചുതന്നെയാണ് രാഹുല്‍ ഹൃദയപൂര്‍വ്വം പദ്ധതിയെ ആക്ഷേപിച്ചത്.
രാഹുല്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വര്‍ധിപ്പിച്ചിരുന്നു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയും ചെയ്തു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ കാസര്‍കോട് കോടതികളില്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ മജിസ്‌ട്രേറ്റും പോലീസ് സേനയും മടങ്ങിയതോടെ രാഹുല്‍ കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തിട്ടില്ലെന്ന സ്ഥിരീകരണമായി.

