മാപ്പ് ചോദിക്കുന്നു: കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണം; ഡി.ജി.സി.എക്ക് മറുപടി നൽകി ഇൻഡിഗോ

ന്യൂഡൽഹി: പൈലറ്റ് ക്ഷാമത്തെ തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവത്തിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നൽകിയ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഇൻഡിഗോ എയർലൈൻസ്. സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കാൻ ഇടയാക്കിയതിന്റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നാണ് ഇൻഡിഗോ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ പറയുന്നു.
ഒന്നിലേറെ പ്രതികൂല ഘടകങ്ങൾ ഒരുമിച്ചെത്തിയതാണ് ഇത്ര വ്യാപകമായ സർവീസ് റദ്ദാക്കലുകൾക്ക് കാരണമെന്നാണ് ഇൻഡിഗോ പറയുന്നത്. കൃത്യമായ കാരണം ഈ സമയത്ത് കണ്ടെത്തുക പ്രയാസമാണ്. വിപുലമായ വിശകലനം നടത്തി കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണം. കാരണം കാണിക്കൽ നോട്ടിസുകൾക്ക് മറുപടി നൽകാൻ ഡിജിസിഎ മാന്വൽ പ്രകാരം 15 ദിവസത്തെ സമയമുണ്ടെന്നും ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നു.
പുതിയ സുരക്ഷാ ചട്ടം നടപ്പാക്കിയത്, ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടത്, ശൈത്യകാല സീസൺ തുടങ്ങിയതിലെ ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന മേഖലയിലെ തിരക്ക് വർധിച്ചത് എന്നിവയാണ് ഇൻഡിഗോ നിലവിൽ ചൂണ്ടിക്കാട്ടിയ പ്രാഥമിക കാരണങ്ങൾ. സുരക്ഷാ ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ഡിജിസിഎയുമായി ചർച്ച നടത്തി വരികയാണെന്നും ഇതിൽ മാറ്റങ്ങളും ഇളവുകളും തേടുകയാണെന്നും ഇൻഡിഗോ പറയുന്നു.

