കോൺഗ്രസ് സർക്കാർ പതിറ്റാണ്ടുകളായി ചെയ്തുവന്ന തെറ്റ് ബിജെപി സർക്കാർ തിരുത്തും; മോദി

ഗുവാഹാട്ടി: ബിജെപി സർക്കാർ എസ്‌ഐആർ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച അസമിലെ ഗുവാഹാട്ടിയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ ആയിരുന്നു മോദിയുടെ ആരോപണം. ‘നുഴഞ്ഞുകയറ്റക്കാരെ’ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടികൾ സ്വീകരിക്കുമ്പോൾ ചില ‘രാജ്യദ്രോഹികൾ’ അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പതിറ്റാണ്ടുകളായി കോൺഗ്രസ് സർക്കാർ അസം ഉൾപ്പെടെയുള്ള മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചിരിക്കുകയായിരുന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആ തെറ്റ് ബിജെപി സർക്കാർ ഇപ്പോൾ തിരുത്തിക്കൊണ്ടിരിക്കുകയാണ് എന്നും പ്രതിപക്ഷത്തെ വിമർശിച്ച് മോദി പറഞ്ഞു.
‘അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വികസനം തടഞ്ഞത് കോൺഗ്രസ് സർക്കാരുകളാണ്. ഇതുമൂലം രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വലിയ വിലയാണ് നൽകേണ്ടി വന്നത്. കോൺഗ്രസ് ഭരണകാലത്ത് അക്രമം അഭിവൃദ്ധി പ്രാപിച്ചു. ഭരണത്തിലേറി 10-11 വർഷത്തിനുള്ളിൽ തന്നെ, ഞങ്ങൾ അത് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അക്രമബാധിത പ്രദേശങ്ങളായി കണക്കാക്കപ്പെട്ടിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജില്ലകൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്.’ മോദി പറഞ്ഞു.
‘വനങ്ങളും ഭൂമിയും കൈയടക്കിയ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് സംരക്ഷണം നൽകി. ഇത് അസമിലെ സുരക്ഷയ്ക്കും അസ്തിത്വത്തിനും ഭീഷണിയായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പതിറ്റാണ്ടുകളായി വരുത്തിവെച്ച തെറ്റുകൾ ബിജെപി സർക്കാർ തിരുത്തുകയാണ്.’ അദ്ദേഹം പറഞ്ഞു.
അസമിലെ ഗുവാഹാട്ടിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന കർമവും അദ്ദേഹം നിർവഹിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ പുതിയതായി ഉദ്ഘാടനം ചെയ്ത ടെർമിനൽ 2, പ്രതിവർഷം ഏകദേശം 1.31 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. ഇതിന്റെ നിർമ്മാണത്തിന് ഏകദേശം 4,000 കോടി രൂപയാണ് ചെലവായത്.

