ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതി? ട്രംപിനെ കണ്ട് വിശദീകരിക്കാനൊരുങ്ങി നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവെന്ന് യുഎസ് മാധ്യമമായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം അവസാനമാണ് നെതന്യാഹു ട്രംപിനെ കാണുക. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എന്ന ആശങ്ക ഇസ്രായേലി ഉദ്യോഗസ്ഥർക്കിടയിൽ വർധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് ട്രംപിനെ അറിയിക്കാനും ഇറാനെ വീണ്ടും ആക്രമിക്കാൻ പ്രേരിപ്പിക്കാനും കൂടിയാണ് കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിലുണ്ട്.
ഈ വർഷം ആദ്യം ഇറാനും ഇസ്രായേലും തമ്മിൽ നടന്ന യുദ്ധം ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിന്നിരുന്നു. കനത്ത നാശനഷ്ടമാണ് ഇരുരാജ്യങ്ങൾക്കും ഉണ്ടായത്.
ഇതിനിടെ ഡിസംബർ അവസാനത്തോടെ തന്റെ ഫളോറിഡയിലെ റിസോർട്ടിൽ വെച്ച് ബെഞ്ചമിൻ നെതന്യാഹു തന്നെ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സമാധാന ചർച്ചയുടെ അടുത്ത ഘട്ടത്തിൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.
‘അദ്ദേഹം എന്നെ ഫ്‌ളോറിഡയിൽ സന്ദർശിക്കാൻ സാധ്യതയുണ്ട്, അദ്ദേഹത്തിന് എന്നെ കാണാൻ താൽപ്പര്യമുണ്ട്. ഞങ്ങൾ ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ല, പക്ഷെ അദ്ദേഹത്തിന് എന്നെ കാണാൻ താൽപ്പര്യമുണ്ട്.’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

