മഹാരാഷ്ട്ര തൂക്കി മഹായുതി; ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ബിജെപി, തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം. ഏറ്റവുമൊടുവിലുള്ള വിവരങ്ങളനുസരിച്ച് 214 ഇടങ്ങളിലാണ് മഹായുതിയുടെ മുന്നേറ്റം. ഇതിൽ 120-ഓളം തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷപദവികളിലും കൂടുതൽ വാർഡുകളിലും വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ ശിവസേന ഷിന്ദേ വിഭാഗത്തിന് 54 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ പദവി ലഭിച്ചു. എൻസിപി(അജിത് പവാർ) നാൽപതോളം ഇടങ്ങളിലും വിജയിച്ചു.
ബിജെപി നേതൃത്വത്തിൽ മഹായുതി സഖ്യം വൻ കുതിപ്പ് നടത്തിയതോടെ കോൺഗ്രസിന്റെ മഹാവികാസ് അഘാഡി സഖ്യം പലയിടങ്ങളിലും തകർന്നടിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് 49 ഇടങ്ങളിൽ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോൺഗ്രസിന് 34 ഇടങ്ങളിലും ശിവസേന(യുബിടി)യ്ക്ക് എട്ടിടങ്ങളിലും എൻസിപി(ശരദ്പവാർ)യ്ക്ക് ഏഴിടങ്ങളിലും ആധിപത്യം നേടാനായി.
സംസ്ഥാനത്തെ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും (നഗർ പരിഷത്ത്) 42 ടൗൺ പഞ്ചായത്തുകളിലേക്കും (നഗർ പഞ്ചായത്ത്) ആണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ലെങ്കിലും മഹായുതി സഖ്യം ഇതിനോടകം വിജയാഘോഷങ്ങൾ ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ മികച്ച വിജയം ബിജെപിയുടെയും സംസ്ഥാന സർക്കാരിന്റെയും സംഘടിതമായ പ്രവർത്തനത്തിലൂടെ വികസനം മുൻനിർത്തിയാണ് തങ്ങൾ വോട്ട് തേടിയതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇത് വെറും ട്രെയിലർ മാത്രമാണെന്നും വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും പ്രതികരിച്ചു.

