നിരപരാധി, എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്: മഡുറോയെ കോടതിയിൽ ഹാജരാക്കി; ലഹരിക്കടത്ത് കുറ്റം നിഷേധിച്ചു

ന്യൂയോർക്ക്: യുഎസ് സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മഡുറോ നിഷേധിച്ചു. ‘ഞാൻ നിരപരാധിയാണ്. നല്ല വ്യക്തിയുമാണ്. കുറ്റക്കാരനല്ല. എന്റെ രാജ്യത്തിന്റെ പ്രസിഡന്റുമാണ്’ –മഡുറോ ജഡ്ജിയോട് പറഞ്ഞു. ഭാര്യ സീലിയയും കുറ്റം നിഷേധിച്ചു. 2020 ൽ റജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് ഇരുവരും വിചാരണ നേരിടുന്നത്.
നീല ജയിൽ വസ്ത്രം ധരിപ്പിച്ചാണ് മഡുറോയെ ന്യൂയോർക്കിലെ മൻഹാറ്റൻ കോടതിയിൽ എത്തിച്ചത്. ഇംഗ്ലീഷിലുള്ള കോടതിമുറി നടപടിക്രമങ്ങൾ സ്പാനിഷ് ഭാഷയിലേക്ക് തർജമ ചെയ്യുന്നതിനായി ഇരുവർക്കും പ്രത്യേക ഹെഡ് സെറ്റുകൾ നൽകിയിരുന്നു. ബ്രൂക്കിലിൻ ജയിലിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ ഇരുവരെയും മൻഹാറ്റനിലെത്തിച്ചത്. കേസ് ഇനി മാർച്ച് 17ന് വീണ്ടും പരിഗണിക്കും. മഡുറോയ്ക്കും ഭാര്യയ്ക്കും വേണ്ടി അഭിഭാഷകനായ ബാരി പൊള്ളാക്ക് കോടതിയിൽ ഹാജരായി.
ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൽനിന്ന് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത്. ആദ്യം ഹെലികോപ്റ്ററിൽ കരീബിയൻ കടലിലെ അജ്ഞാതമായ സ്ഥലത്തുണ്ടായിരുന്ന വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. പിന്നീട് ഗ്വാണ്ടനാമോയിലെ യുഎസ് നാവിക കേന്ദ്രത്തിലെത്തിച്ചു. പിന്നീട് വിമാനത്തിൽ ന്യൂയോർക്കിലെത്തിച്ച ശേഷം ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ തടവുപാളയത്തിൽ പാർപ്പിക്കുകയായിരുന്നു.

