ബെള്ളൂർ സ്കൂൾ തർക്കസ്ഥലത്തുള്ള കെട്ടിടത്തിനു ചുറ്റും സ്വകാര്യവ്യക്തി വേലികെട്ടി: സ്കൂൾ കുട്ടികൾ വേലി പൊളിച്ചു നീക്കി

ബെള്ളൂർ: ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികളെ പെരുവഴിയിലാക്കി തർക്കസ്ഥലത്തുള്ള കെട്ടിടത്തിനു ചുറ്റും സ്വകാര്യവ്യക്തി വേലി നിർമിച്ചു. അവധിദിനം മറയാക്കി ഞായറാഴ്ചയാണ് എൽപി വിഭാഗത്തിലെ 2 ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു ചുറ്റം കമ്പിവേലി നിർമിച്ചത്.
ക്ലാസുകളിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതോടെ, ഇന്നലെ ഉച്ചയോടെ കുട്ടികൾ വേലി പൊളിച്ചു നീക്കിയെങ്കിലും വിവാദം തുടരുകയാണ്. എൽപി വിഭാഗത്തിലെ 3 എ, ബി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു ചുറ്റിലുമാണ് സ്വകാര്യവ്യക്തി വേലികെട്ടിയത്. പകരം ക്ലാസ്മുറികൾ ഇല്ലാത്തതിനാൽ ഉച്ചവരെ ഈ ക്ലാസുകളിലെ കുട്ടികൾ ക്ലാസിൽ കയറാതെനിന്നു. അതിനുശേഷം മുതിർന്ന കുട്ടികൾ വേലി പൊളിച്ചുനീക്കിയെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. തുടർന്ന് കുട്ടികൾ ക്ലാസിൽ കയറുകയും ചെയ്തു.
സ്ഥലത്തിന്റെ അവകാശവാദം സംബന്ധിച്ച് സ്കൂൾ അധികൃതരും സ്വകാര്യവ്യക്തിയും തമ്മിൽ വർഷങ്ങളായി കാസർകോട് മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സ്വാതന്ത്ര്യദിനത്തിൽ, 1947 ഓഗസ്റ്റ് 15ന് ബെള്ളൂരിലെ സാമൂഹിക പ്രവർത്തകനായിരുന്ന ശങ്കരനാരായണ കടമ്പിളിത്തായ സ്കൂളിനു സംഭാവന ചെയ്ത സ്ഥലമാണിത്. അദ്ദേഹത്തിന്റെ അച്ഛൻ ശങ്കര കടമ്പിളിത്തായയുടെ സ്മരണയ്ക്ക് കെട്ടിടം ഉൾപ്പെടെ നിർമിച്ചുനൽകി. കെട്ടിടത്തിൽ ഉദ്ഘാടന സമയത്ത് സ്ഥാപിച്ച ശിലാഫലകത്തിൽ ഇതു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം സ്ഥലവും കെട്ടിടവും സ്കൂളിനു നൽകിയെങ്കിലും രേഖാമൂലം റജിസ്റ്റർ െചയ്തു നൽകിയിരുന്നില്ല. ശങ്കരനാരായണ കടമ്പിളിത്തായയ്ക്ക് മക്കളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം സഹോദരനും മക്കളുമാണ് സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിന്റെ നടപടികൾ ഇപ്പോഴും തുടരുകയാണ്.
അതിനിടെ മാസങ്ങൾക്കു മുൻപ് കിഫ്ബി പദ്ധതിയിൽ ഇവിടെ കെട്ടിടം നിർമിക്കാൻ നടപടി തുടങ്ങിയപ്പോൾ ഇവർ കോടതിയെ സമീപിക്കുകയും കേസിൽ തീർപ്പുണ്ടാകുന്നതുവരെ ഒരു നിർമാണവും നടത്തരുതെന്ന് സ്കൂൾ അധികൃതരോട് കോടതി ഉത്തരവിടുകയും ചെയ്തു. അതുകൊണ്ട് മറ്റൊരു സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്.
അതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച അപ്രതീക്ഷിതമായി വേലിനിർമിച്ചത്. 45 സെന്റ് സ്ഥലമാണ് തർക്കത്തിൽ നിൽക്കുന്നത്. വില്ലേജ് ഓഫിസറുടെയോ താലൂക്ക് സർവേയറുടെയോ സാന്നിധ്യമില്ലാതെയാണ് സ്ഥലം അളന്നുവേലി നിർമിച്ചതെന്ന് സ്കൂൾ അധികൃതർ ആരോപിക്കുന്നു. എന്നാൽ തങ്ങൾ നികുതി അടയ്ക്കുന്ന സ്ഥലമാണ് ഇതെന്നും അവിടെ വേലി നിർമിക്കാൻ ആരുടെയും അനുവാദം വേണ്ടെന്നുമാണ് വേലി നിർമിച്ചയാളുമായി ബന്ധപ്പെട്ടവർ പറയുന്നത്.

