യാത്രാരേഖകൾ തയ്യാറാക്കുക, ഇറാൻ വിടുക: ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

ടെഹ്റാൻ: ഇറാനിൽ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരോട് അവിടംവിടാൻ അറിയിപ്പ് നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, ടൂറിസ്റ്റുകൾ എന്നിവർ ഉൾപ്പെടെ എല്ലാ പൗരന്മാരോടും നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച്, വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യം വിടാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനിൽ നാൾക്കുനാൾ സ്ഥിതി കൂടുതൽ വഷളാവുകയാണ്. ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ശമനമുണ്ടാകുന്നില്ല. സ്ഥിതികൾ കൂടുതൽ വഷളാക്കുന്ന തരത്തിൽ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന തരത്തിൽ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശവും വന്നിരുന്നു. പ്രതിഷേധക്കാരോട് സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുകയും പിന്മാറരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്ത ട്രംപ്, യുഎസിന്റെ സഹായം വൈകാതെ അവിടെ എത്തും എന്നും പറഞ്ഞു. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, അമേരിക്കയും ഇസ്രയേലും പ്രക്ഷോഭകരെ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. മാത്രമല്ല, പ്രക്ഷോഭത്തിന്റെ ഭാഗമായി ഇതുവരെ നടന്ന മരണങ്ങളുടെയെല്ലാം ചുമതല അവർ ‘ഭീകരവാദികൾ’ എന്നുവിളിച്ച് പ്രതിഷേധക്കാരുടെ തലയിൽ കെട്ടിവെച്ചിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ്, ഇറാനിലുള്ള ഇന്ത്യക്കാരോട് അതീവ ജാഗ്രത പുലർത്താനും പ്രതിഷേധ സ്ഥലങ്ങൾ ഒഴിവാക്കാനും ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്താനും യാത്രാ- തിരിച്ചറിയൽ രേഖകൾ തയ്യാറാക്കാനും പ്രാദേശിക സംഭവങ്ങൾ നിരീക്ഷിക്കാനും എംബസി അഭ്യർത്ഥിച്ചിരിക്കുന്നത്. എംബസിയുമായി രജിസ്റ്റർ ചെയ്യാത്തവരോട് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായത്തിനായി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ പിന്തുണയും സജ്ജമാക്കിയിട്ടുണ്ട്.
‘ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും അവരുടെ യാത്രാ, കുടിയേറ്റ രേഖകൾ, പാസ്പോർട്ടുകളും ഐഡികളും ഉൾപ്പെടെ, തയ്യാറായി സൂക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും സഹായത്തിനായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ അവരോട് അഭ്യർത്ഥിക്കുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും വേണ്ടത്ര ജാഗ്രത പുലർത്തണം. പ്രതിഷേധ സ്ഥലങ്ങൾ ഒഴിവാക്കണം, ഇറാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണം, പ്രാദേശിക മാധ്യമങ്ങളിൽ ഉണ്ടാകുന്ന സംഭവങ്ങൾ നിരീക്ഷിക്കണം.’ ഇറാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പണപ്പെരുപ്പത്തെയും കറൻസി മൂല്യത്തകർച്ചയെയും തുടർന്നുണ്ടായ ഇറാനിലെ പ്രതിഷേധം ബുധനാഴ്ച 20-ാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തുടനീളമുള്ള ഏകദേശം 280 സ്ഥലങ്ങളിൽ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇവയിലെല്ലാം ജീവഹാനികളുമുണ്ടായി എന്നാണ് വിവരം. അതേസമയം, പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ പ്രസ്താവനകൾ ഇറാനിൽ അമേരിക്കൻ ആക്രമണത്തിന്റെ സൂചനകളും നൽകുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ ഖത്തറിലുള്ള അൽ ഉദൈദ് എയർ ബേസ് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിയാൻ പല ഉദ്യോഗസ്ഥർക്കും യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി സമാനമായ ഒരു നിർദ്ദേശം നൽകിയിരുന്നു. അന്ന് ഓപ്പറേഷനുകൾ ആരംഭിക്കുന്നതിന് മുമ്പ് മിഡിൽ ഈസ്റ്റിലെ യുഎസ് ബേസുകളിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

