KSDLIVENEWS

Real news for everyone

നെതന്യാഹുവിന്റെ ‘വിങ് ഓഫ് സയൺ’ വിമാനം ഇസ്രയേൽ വിട്ടു; ഇറാന്റെ ആക്രമണം ഭയന്നെന്ന് റിപ്പോർട്ട്

SHARE THIS ON

ജെറുസലേം: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കനത്തതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ രാജ്യത്തിന്റെ അതിർത്തി വിട്ടതായി വിവരം. ഇറാന്റെ ഭാഗത്തുനിന്ന്‌ ഏതുസമയവും ആക്രമണം ഉണ്ടായേക്കാമെന്നു ഭയന്നാണ് വിമാനം മാറ്റിയതെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണം ഉണ്ടാകുമെന്നു സൂചന ലഭിച്ചിട്ടുള്ള ഘട്ടങ്ങളിലെല്ലാം മുമ്പും വിങ് ഓഫ് സയൺ ഇസ്രയേൽ വ്യോമാതിർത്തി വിട്ടിട്ടുണ്ട്.

വിങ് ഓഫ് സയൺ ബുധനാഴ്ച നെവാടിം എയർഫോഴ്‌സ് ബേസിൽനിന്ന് മെഡിറ്ററേനിയന് മുകളിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്തുവെന്നും ഗ്രീസിലെ ക്രെറ്റെയിൽ ഇറങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഹായങ്ങൾ വരുന്നുണ്ടെന്നും പ്രക്ഷോഭകരോട് പ്രതിഷേധം തുടരാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദേശം  നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക വിമാനം സുരക്ഷിതമായി മാറ്റിയത്.

മുമ്പ് ഇറാനുമായി ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ള ഘട്ടങ്ങളിൽ, ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽനിന്ന് രക്ഷനേടുന്നതിനായി, ആക്രമണത്തിന് മുമ്പായി വിങ് ഓഫ് സയൺ ഇസ്രയേലിൽനിന്ന് മാറ്റിയിട്ടുണ്ട്‌. എന്നാൽ, ഇപ്പോൾ വിമാനം ഇസ്രയേൽ വിട്ടത് വിമാനത്തിന്റെ പതിവ് പരിശീലനപ്പറക്കലിന്റെ ഭാഗമായാണെന്നും അല്ലാതെ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പബ്ലിക് വേൾഡ് റിപ്പോർട്ട് ചെയ്തു.

സ്വകാര്യ ഓഫീസ്, ‘വാർ റൂം’, സങ്കീർണ്ണമായ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ‘വിങ് ഓഫ് സയൺ’ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വേണ്ടിയുള്ള പ്രധാന വ്യോമഗതാഗത സംവിധാനമാണ്. ബീർ ഷെബയ്ക്ക് സമീപമുള്ള നെവാടിമിൽ നിന്നുണ്ടായ വിമാനത്തിന്റെ അപ്രതീക്ഷിതമായ പുറപ്പെടൽ, ഇറാനിൽ നിന്നുള്ള തിരിച്ചടി ഭീഷണികൾക്ക് ശേഷം മേഖലയിലുടനീളം വർധിച്ച സൈനിക സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിമാനത്തിനുള്ളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ വിവരമൊന്നും ലഭ്യമല്ല. ഇതിനുമുമ്പും ബോയിംഗ് 767 വിമാനം വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ഇസ്രയേലിന്റെ വ്യോമാതിർത്തിയിൽനിന്ന് പുറത്തുപോയിട്ടുണ്ട്. ‘എയർഫോഴ്‌സ് വൺ’-ന് തുല്യമായ ഈ വിമാനത്തെ ഇറാനിയൻ ദീർഘദൂര മിസൈലുകളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇത്.

2025 ജൂൺ 13-ന് ഇറാനിയൻ ആണവ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ വലിയ ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നിരുന്നു. 2024 ഏപ്രിൽ 13-ന്, ഇറാൻ നടത്തിയ വലിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മുമ്പായും വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തി വിട്ടിരുന്നു. അന്ന് വിമാനം പറന്നുയർന്ന നെവാടിം എയർബേസ് ഇറാൻ ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!