ഇറാൻ സംഘർഷത്തിനിടെ ഡിമോന ആണവകേന്ദ്രത്തിനുസമീപം ഭൂചലനം: ഇസ്രയേൽ ആണവ പരീക്ഷണമെന്ന് അഭ്യൂഹം

ജറുസലേം: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുണ്ടായ ഭൂചലനം ചർച്ചയായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഭൂമികുലുക്കം ഉണ്ടായത്. എല്ലാ ദിശകളിലും അലാറങ്ങൾ മുഴങ്ങി. ഭൂചലനം ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കി. അതിനിടെ ഇസ്രയേൽ രഹസ്യമായി ആണവ പരീക്ഷണം നടത്തിയതാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, ഇസ്രയേൽ ജിയോളജിക്കൽ സൊസൈറ്റി പറയുന്നതനുസരിച്ച്, ഡിമോനയ്ക്ക് സമീപമായിരുന്നു.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വർധിച്ചു വരികയാണ്. കൂടാതെ ഇറാനിൽ ആഭ്യന്തരകലാപം കലുഷിതമാകുന്നു, പ്രതിഷേധക്കാർക്കെതിരെ നീങ്ങിയാൽ ഭരണകൂടത്തിനെതിരെ സൈനികനടപടിയുണ്ടാകുമെന്ന് യുഎസും യുഎസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായാൽ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യങ്ങൾക്കിടയിലുണ്ടായ ഭൂചലനം ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടായെന്നത് സ്വാഭാവികം. ആക്രമണസന്ദർഭങ്ങളെ നേിടാൻ രാജ്യവ്യാപകമായി സ്കൂളുകളിൽ രാവിലെ സംഘടിപ്പിച്ച അടിയന്തര ഡ്രില്ലിനിടയിലായിരുന്നു പ്രകമ്പനമുണ്ടായത്.
ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തി. ഈ ഭൂകമ്പത്തിന്റെ ദൈർഘ്യവും തീവ്രതയും താരതമ്യേന കുറഞ്ഞ അളവിലായിരുന്നു. ഇടത്തരം സ്ഫോടനങ്ങൾക്ക് സമാനമായിരുന്നു പ്രകമ്പനങ്ങൾ. നെഗേവ് മരുഭൂമിക്ക് പുറത്തേക്കും, വടക്ക് മധ്യ ഇസ്രയേൽ വരെയുമുള്ള പ്രദേശങ്ങളിലേക്കും തലസ്ഥാനമായ ജറുസലേമിന് വടക്കോട്ടും പോലും സൈറണുകൾ മുഴങ്ങാൻ തക്കവിധം ശക്തമായിരുന്നു.
പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടെയുണ്ടായ ഈ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കാൻ പര്യാപ്തമായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹങ്ങളും ചർച്ചകളും ആരംഭിക്കുകയും ചെയ്തു. ഡിമോനയ്ക്ക് സമീപം M3.9 തീവ്രതയുള്ള ഭൂകമ്പത്തെക്കുറിച്ചും ഇസ്രായേൽ ആണവ പരീക്ഷണം നടത്തിയെന്ന അവകാശവാദങ്ങളെക്കുറിച്ചും കിംവദന്തികൾ പ്രചരിക്കുന്നു. ഇത് ശരിയാണോ?” ഒരാൾ എക്സിൽ ചോദിച്ചു. “ഡിമോന ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നിടത്ത് തന്നെ ഭൂകമ്പമുണ്ടായത് ട്രംപിനുള്ള മുന്നറിയിപ്പാണോ? വേഗത്തിൽ യുദ്ധം ചെയ്യാൻ?”, ഇതായിരുന്നു അമേരിക്കൻ മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റ് ജേക്ക് ഷീൽഡ്സിന്റെ ചോദ്യം. യുഎസിന്റെ ആക്രമണഭീഷണി ഉയർന്നു നിൽക്കുന്നതിനിടയിൽ, ഇസ്രയേൽ തങ്ങളുടെ സൈനിക തയ്യാറെടുപ്പുകൾ വർധിപ്പിച്ചിതായി റിപ്പോർട്ടുണ്ട്.
തെക്കൻ ഇസ്രയേലിലെ നെഗേവ് മരുഭൂമി,തന്ത്രപ്രധാനമായ കേന്ദ്രമാണ്. അത്തരം ഒരു അടിസ്ഥാന സൗകര്യമാണ് ഡിമോനയ്ക്ക് സമീപമുള്ള ഷിമോൻ പെരെസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ. 1950കളുടെ അവസാനത്തിൽ നിർമ്മിച്ച രഹസ്യ സ്ഥാപനമാണിത്. ഇവിടെ ഒരു ഹെവിവാട്ടർ ന്യൂക്ലിയർ റിയാക്ടറും അനുബന്ധ പുനഃസംസ്കരണ പ്ലാന്റുകളും സ്ഥിതി ചെയ്യുന്നു. ഇത് ഇസ്രയേലിന്റെ അപ്രഖ്യാപിത ആണവായുധ പദ്ധതി കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
ഇസ്രയേൽ ആണവ നിരായുധീകരണ ഉടമ്പടിയിൽ (NPT) ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഡിമോനയിലെ അന്താരാഷ്ട്ര പരിശോധനകളും നിരസിക്കുന്നു. 1960കൾ മുതൽ ഇസ്രയേൽ പ്ലൂട്ടോണിയവും ആണവ ബോംബുകളും നിർമിച്ചിട്ടുണ്ടെന്ന് വിദഗ്ധർ അംഗീകരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ആണവ ശേഖരത്തെക്കുറിച്ച് ഇസ്രയേൽ തന്ത്രപരമായ അവ്യക്തത നിലനിർത്തിവരുന്നു. ഏറ്റവുമൊടുവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ നെഗേവ് ആണവ കേന്ദ്രത്തിൽ നിർമ്മാണവും വിപുലീകരണ പ്രവർത്തനങ്ങളും വർധിച്ചതായി കാണിക്കുന്നു. ഇത് പുതിയ ഹെവിവാട്ടർ റിയാക്ടറാണോ അതോ ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചകളും നടക്കുന്നുണ്ട്.
ഭൂകമ്പം യഥാർഥമായിരുന്നു അതോ പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ യുഎസിനും ഇറാനും ഇസ്രയേൽ നൽകിയ മുന്നറിയിപ്പായിരുന്നോ എന്ന ചർച്ചകൾ തുടരുകയാണ്. അനിഷ്ടങ്ങളോ ദുരന്തങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും രാജ്യവ്യാപകമായ ഡ്രിൽ നടക്കുന്നതും കണക്കിലെടുക്കുമ്പോൾ ഇസ്രയേൽ എന്തെങ്കിലും മറച്ചുവെയ്ക്കുന്നുണ്ടോ എന്ന അഭ്യൂഹം പ്രചരിക്കുകയാണ്.

