കുണ്ടംകുഴിയിലേക്കുള്ള ദൂരം നാലിലൊന്നായി കുറഞ്ഞ: പയസ്വിനിപ്പുഴയിൽ മുളിയാർ-ബേഡഡുക്ക ചോട്ട പാലം വാഹനങ്ങൾക്ക് തുറന്ന് കൊടുത്തു

ഇരിയണ്ണി: പയസ്വിനിപ്പുഴയിൽ മുളിയാർ–ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിച്ച ചൊട്ട പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഇതോടെ ഇരിയണ്ണിയിൽനിന്നു കുണ്ടംകുഴിയിലേക്കുള്ള ദൂരം നാലിലൊന്നായി കുറഞ്ഞു. ബോവിക്കാനം–കുറ്റിക്കോൽ റോഡിലെ ഇരിയണ്ണിയിൽനിന്ന് തെക്കിൽ–ആലട്ടി റോഡിലെ കുണ്ടംകുഴിയിലേക്കുള്ള റോഡിൽ പയസ്വിനിപ്പുഴയിലെ ചൊട്ടയിലാണ് പാലം. 2023 മേയ് 27ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തറക്കല്ലിട്ട പാലം രണ്ടര വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
കിഫ്ബിയിൽ അനുവദിച്ച 18.30 കോടി രൂപ ചെലവിലാണ് നിർമാണം. 130 മീറ്റർ നീളത്തിലുള്ള പാലത്തിന് 5 സ്പാനുകളുണ്ട്. 11 മീറ്ററാണ് വീതി. ഇതിൽ ഏഴര മീറ്റർ റോഡും ബാക്കി ഇരുവശങ്ങളിലും നടപ്പാതകളുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഓരോ കിലോമീറ്റർ അപ്രോച്ച് റോഡും നിർമിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപേ പാലത്തിന്റെ ഉദ്ഘാടനം നടത്താൻ നീക്കം നടന്നെങ്കിലും പണി പൂർത്തിയാകാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. കുറച്ച് സ്ഥലങ്ങളിൽ ഇന്റർലോക് പാകാനുണ്ട്. പെയ്ന്റിങ് പണിയാണ് ഇപ്പോൾ നടക്കുന്നത്.
ഇവ കൂടി കഴിഞ്ഞാൽ പണി മുഴുവൻ പൂർത്തിയാകും. ഇരിയണ്ണിയിൽനിന്നു കുണ്ടംകുഴിയിലേക്കും തിരിച്ചും കുറ്റിക്കോൽ വഴിയോ പൊയ്നാച്ചി വഴിയോ ആണ് ഇപ്പോൾ ആളുകൾ യാത്ര ചെയ്യുന്നത്. കുറ്റിക്കോൽ വഴി 24 കിലോമീറ്ററും പൊയ്നാച്ചി വഴി 32 കിലോമീറ്ററുമാണ് റോഡ് ദൂരം. എന്നാൽ ചൊട്ട പാലത്തിലൂടെ വെറും ആറര കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും. കുണ്ടംകുഴിയിൽനിന്ന് കാസർകോട്ടേക്ക് പോകുന്നവർക്കും 5 കിലോമീറ്ററിലേറെ ദൂരം കുറയും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപേ പാലത്തിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ.
റോഡ് വികസനം കടലാസിൽ
പാലത്തിന്റെ പണി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും റോഡ് വികസനം നടക്കാത്തത് ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടിലാക്കും. ദൂരം കുറയുമെന്നതിനാൽ ധാരാളം വാഹനങ്ങൾ ഇതുവഴി പോകാനിടയുണ്ട്. എന്നാൽ അതിനനുസരിച്ച് റോഡിന്റെ വീതി വർധിപ്പിക്കാത്തതാണ് പ്രശ്നം. കുണ്ടംകുഴിയിലെ ദൊഡ്ഡുവയലിൽനിന്ന് ബത്തകുമിരിയിലേക്കുള്ള ഒരു കിലോമീറ്റർ റോഡ് വെറും 3 മീറ്റർ മാത്രം വീതിയുള്ളതാണ്. അതാകട്ടെ ടാറിങ് തകർന്നിരിക്കുകയാണ്.
മറുഭാഗത്ത് മുളിയാർ പഞ്ചായത്തിലെ കുറ്റിയടുക്കം മുതൽ കുണിയേരി വെള്ളാല വരെ 1.1 കിലോമീറ്റർ റോഡും 3 മീറ്റർ വീതിയിലാണുള്ളത്. വനത്തിലൂടെ പോകുന്ന റോഡ് വീതികൂട്ടാൻ വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. അപേക്ഷ നൽകിയെങ്കിലും സാങ്കേതിക പിഴവ് കാരണം ഇപ്പോഴും നടപടികൾ പ്രാഥമികഘട്ടത്തിൽ തന്നെയാണ്. പാലത്തിനൊപ്പം റോഡ് കൂടി വികസിപ്പിച്ചാൽ മാത്രമേ യാത്ര സുഗമവും അപകടരഹിതവുമാവുകയുള്ളൂ

