KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാ സഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: പ്രതി ഉമ്മര്‍ ഫാറൂഖിനെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

SHARE THIS ON

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ ഏക മകളെയും ഭാര്യാ സഹോദരി ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉമ്മർ ഫാറൂഖിനെയാണ് കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തേയ്ക്ക് കേസ് അന്വേഷണോദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി അജിത്ത് കുമാറിൻ്റെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കൊലപാതകം നടന്ന ഫെബ്രുവരി രണ്ടിനു തന്നെ പിടികൂടിയിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കൂടുതൽ തെളിവെടുപ്പിനു സ്ഥലത്ത് എത്തിച്ചിരുന്നില്ല.

ഫെബ്രുവരി രണ്ടിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കുഞ്ചത്തൂർ, ഹിൽടോപ്പിലെ മറിയം ജുമൈല (18), മാതൃസഹോദരി ഭർത്താവായ ഷേക്കുഞ്ഞി (60) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മറിയം ജുമൈല സന്ധ്യയോടെയും ഷേക്കുഞ്ഞി ചൊവ്വാഴ്‌ച രാവിലെയുമാണ് മരണപ്പെട്ടത്.

ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു മറിയം ജുമൈലയും മാതാവ് താഹിറയും താമസിച്ചിരുന്നത്. ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനു വേണ്ടി മധ്യസ്ഥ ചർച്ച നടത്തുന്നതിനിടയിലായിരുന്നു ഇരട്ടക്കൊലക്ക് ഇടയാക്കിയ അക്രമസംഭവം അരങ്ങേറിയത്. ചർച്ചക്കിടയിൽ പ്രകോപിതനായ ഉമ്മർ ഫാറൂഖ് അരയിൽ തിരുകിയിരുന്ന പുത്തൻ കത്തിയെടുത്ത് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് മറിയം ജുമൈലയുടെ കഴുത്തിനു കുത്തേറ്റത്.

കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ഇരട്ടക്കൊലപാതകം നടന്ന വീട്, കത്തിവാങ്ങിയ കട തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!