KSDLIVENEWS

Real news for everyone

മറവി ചതിച്ചു: ജേഴ്‌സി ഹോട്ടലിൽ; അഭിഷേക് ഗ്രൗണ്ടിൽ, കളിക്കാനിറങ്ങിയത് സിറാജിന്റെ ജേഴ്‌സിയണിഞ്ഞ്

SHARE THIS ON

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരേ ഇന്ത്യൻ താരം അഭിഷേക് ശർമ ഇറങ്ങിയത് സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഇഷാൻ കിഷനൊപ്പം ബാറ്റിങ്ങിനെത്തിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് അഭിഷേക് കളത്തിലിറങ്ങിയത്.

സ്വന്തം ജേഴ്‌സി അഭിഷേക് ടീം ഹോട്ടലിൽ വെച്ച് മറന്നതു കാരണമാണ് താരത്തിന് സിറാജിന്റെ ജേഴ്‌സി ധരിക്കേണ്ടി വന്നതെന്നാണ് വിവരം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈനാണ് കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അഭിഷേക് തന്റെ ജേഴ്‌സി ഡ്രസ്സിങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് ടീമിലെ ആർക്കും അത് കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ ജേഴ്‌സി മാറിയിട്ടും അഭിഷേക് പതിവുപോലെ ഡക്കായി മടങ്ങി. തുടർച്ചയായ മൂന്നാം മത്സരത്തിലും അഭിഷേക് പൂജ്യത്തിന് പുറത്തായി. ബുധനാഴ്ച, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ആര്യൻ ദത്തിന്റെ ഓവറിൽ നേരിട്ട മൂന്നാം പന്തിലാണ് അഭിഷേക് പുറത്തായത്. ലോകകപ്പിൽ ഇതുവരെ താരത്തിന് അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി അഭിഷേക് ആകെ നേരിട്ടത് എട്ടു പന്തുകൾ മാത്രമാണ്. കഴിഞ്ഞ അഞ്ച് ടി20 ഇന്നിങ്സുകളിൽ നാലിലും അഭിഷേക് ഡക്കാണ്. അവസാന ഏഴ് ഇന്നിങ്സുകളിൽ ഇത് അഞ്ചാം തവണയാണ് താരം ഡക്കാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!