ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവെക്കില്ല: സൈനിക പരിഹാരം സാധ്യമല്ല; നിലപാട് വ്യക്തമാക്കി ഇറാന്‍

തെഹ്‌റാന്‍: ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവെക്കില്ലെന്ന് ഇറാന്‍. ഇക്കാര്യം അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ആണവ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും ഇറാന്‍ വ്യക്തമാക്കി.
യു എസുമായി അര്‍ഥവത്തായ ഉടമ്പടിയില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഇറാന്‍ ‘ചീത്ത കാര്യങ്ങളെ’ ക്ഷണിച്ചു വരുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനിടെയാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ ഭരണ നേതൃത്വം രംഗത്തെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പത്ത് ദിവസത്തിനകം സംഭവിക്കണമെന്ന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ അടുത്ത പടിയിലേക്ക് കടക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുമെന്നും ബോര്‍ഡ് ഓഫ് പീസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്നത് തുടര്‍ന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം സാധ്യമാവുകയില്ലെന്നുമാണ് യു എസിന്റെ നിലപാട്.
സംഘര്‍ഷാവസ്ഥക്ക് പരിഹാരം തേടി ഒമാന്റെ മധ്യസ്ഥയില്‍ ജനീവയില്‍ രണ്ടാംഘട്ട ചര്‍ച്ച നടന്നതിനു പിന്നാലെയാണ് കാര്യങ്ങള്‍ വീണ്ടും കലുഷിതമാകുന്നത്. ആറ്റം ബോംബ് സ്വന്തമാക്കുന്നതിനുള്ള ഇറാന്റെ ശ്രമങ്ങള്‍ തടയുന്നതിനാണ് തങ്ങളുടെ നീക്കമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, അങ്ങനെയൊരു ശ്രമം നടക്കുന്നില്ലെന്നും യു എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ, ഇറാനുള്ള പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് റഷ്യ രംഗത്തെത്തി.

