ഗാസയ്ക്ക് കൈത്താങ്ങായി യുഎഇയും ബഹ്‌റൈനും; 100 ടൺ അടിയന്തര സഹായം അയച്ചു

അബുദാബി/മനാമ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ സഹോദരങ്ങൾക്കായി റമസാനിൽ കരുതലിന്റെ കരങ്ങളുമായി യുഎഇയും ബഹ്‌റൈനും. സംയുക്ത മാനുഷിക ദൗത്യത്തിന്റെ ഭാഗമായി 100 ടൺ അടിയന്തര സഹായ സാമഗ്രികളാണ് ഗാസ മുനമ്പിലേക്ക് അയച്ചത്. യുഎഇയുടെ ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’, എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച് ബഹ്‌റൈനിലെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ഈ സഹായം എത്തിച്ചത്.
ഈജിപ്തിലെ അൽ-അരീഷ് വിമാനത്താവളം വഴി എത്തിയ സഹായങ്ങൾ റഫ അതിർത്തി വഴി ഗാസയിലേക്ക് പ്രവേശിപ്പിക്കും. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശാനുസരണമാണ് ദൗത്യം നടപ്പിലാക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ശുചിത്വ കിറ്റുകൾ, അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, അടിയന്തരമായി ആവശ്യമുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളും തുടങ്ങിയവയാണ് സഹായ കിറ്റിൽ ഉള്ളത്.
പലസ്തീൻ ജനത നേരിടുന്ന കഠിനമായ ജീവിതസാഹചര്യങ്ങൾ ലഘൂകരിക്കാനുള്ള ബഹ്‌റൈന്റെയും യുഎഇയുടെയും ഉറച്ച പ്രതിബദ്ധതയുടെ അടയാളമാണിതെന്ന് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ആക്ടിങ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദൽഹാൻ അൽ ദോസരി പറഞ്ഞു. റമസാനിൽ തന്നെ ഈ സഹായം എത്തിക്കുന്നത് ഐക്യദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും വലിയ സന്ദേശമാണ് നൽകുന്നത്. ദുരിതബാധിതർക്കായി കൂടുതൽ സഹായങ്ങൾ എത്തിക്കുന്നത് തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

