സൈബറാക്രമണം നടത്തിയവർ മഹാനടനെ മനസ്സിലാക്കാത്തവർ: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിൽ നടന്ന സംഭവത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹികമാധ്യമത്തിൽ മമ്മൂട്ടി വലിയതോതിൽ ആക്രമിക്കപ്പെട്ടത് ഏറ്റവും നിർഭാഗ്യകരമായ അവസ്ഥയാണെന്നും മമ്മൂട്ടി എന്ന മഹാനടനെ സിപിഎമ്മിന്‍റെ സോഷ്യൽമീഡിയ പോരാളികൾക്ക് അറിയില്ലെന്നുള്ളത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സി.പി.എം. വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് ”നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണവും നടന്നു.
മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ച സംഭവം അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തിൽ കെ. റഫീഖ് പിന്നീട് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. മമ്മൂട്ടി തന്നെ നേരിൽ വിളിച്ചുകാര്യങ്ങൾ വ്യക്തമാക്കിയതായും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് കുറിപ്പിൽ ആവശ്യപ്പെട്ടു.
അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനോട് ഫോണിൽ സംസാരിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

