നിയമവിരുദ്ധ ഫണ്ട് ശേഖരണത്തിന് കൂട്ടുനിന്നില്ല: അതുകൊണ്ടാണ് ഞാൻ പാർട്ടിവിരുദ്ധനായത്; സി.സി മുകുന്ദൻ

തൃശ്ശൂർ: നാട്ടികയിലെ സമ്പന്നർക്ക് നിയമവിരുദ്ധമായി പലകാര്യങ്ങളും ചെയ്തുകൊടുത്ത് ഫണ്ട് ശേഖരണത്തിന് പാർട്ടി തന്നെ നിർബന്ധിച്ചെന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. അരനൂറ്റാണ്ടോളം നീണ്ട പാർട്ടി പ്രവർത്തനത്തിൽ സാമ്പത്തിക അഴിമതി നടത്താൻ താൻ ഇതുവരെ കൂട്ടു നിന്നിട്ടില്ല. അതുകൊണ്ടാണ് താൻ പാർട്ടിവിരുദ്ധൻ ആയതെന്നും സി.സി. മുകുന്ദൻ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അനധികൃത ഭൂമി കൈമാറ്റം, ഉദ്യോഗസ്ഥ സ്ഥലംമാറ്റങ്ങൾ തുടങ്ങി വിവിധ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയുള്ള ശുപാർശകൾ എന്നെ ഡമ്മിയാക്കി നിർത്തി ചെയ്യിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചതെന്നും സി.സി. മുകുന്ദൻ ചൂണ്ടിക്കാട്ടി.
ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയാൽ ഈ നേതാക്കൾക്ക് അവർ വിചാരിച്ചതുപോലെ പണംകണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം എനിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഗീതാ ഗോപിക്കെതിരെ പെയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചതെന്നും സി.സി. മുകുന്ദൻ പറഞ്ഞു. ആരു പിന്തുണച്ചാലും ഇല്ലെങ്കിലും നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് ജയിക്കാൻ മാത്രമല്ല, ചില കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയാൻ കൂടിയാണ്.
നാട്ടികയിലെ സാധാരണക്കാരായ ജനങ്ങൾ തനിക്കൊപ്പമുണ്ട്. ഇതുവരെ ഒരു ചായകുടിക്കാനുള്ള പൈസപോലും അനധികൃതമായി കൈപ്പറ്റിയിട്ടില്ല. അഴിമതിക്കും നെറുകേടുകൾക്കും എതിരെ പോരാട്ടം തുടരുമെന്നും സി.സി. മുകുന്ദൻ വ്യക്തമാക്കി. ഞാൻ എംഎൽഎ ആയതിനുശേഷം ഓഫീസ് പ്രവർത്തനങ്ങളിൽ എനിക്ക് താൽപര്യമില്ലാത്ത പേഴ്‌സണൽ അസിസ്റ്റന്റിനെ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് എന്നിൽ അടിച്ചേൽപ്പിച്ചു. ഇതിനെ ഞാൻ എതിർത്തു. ഇതോടെയാണ് എനിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
മുൻ എംഎൽഎയും പാർട്ടി നിലവിൽ തീരുമാനിച്ച സ്ഥാനാർഥിയുമായ ഗീതാഗോപിയെ പാർട്ടി മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് തീരുമാനിച്ചത്. തന്നെ ഒഴിവാക്കാൻവേണ്ടി മാത്രം തന്നോട് വ്യക്തിവൈരാഗ്യമുള്ള പാർട്ടിയിലെ ചില വ്യക്തികൾ ഇതിനായി നിരന്തരം ശ്രമിച്ചെന്നും സി.സി. മുകുന്ദൻ പറഞ്ഞു.

