അഭിമാനമായി അഡ്വ. നാസിഫ: രാഷ്ട്രീയത്തിലുംനിയമരംഗത്തുംഉയർന്നുവരുന്നവാഗ്ദാനം

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏറെ സന്തോഷം നൽകുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു. ബേവിഞ്ച എ.കെ ജലീലിന്റെ മകളും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായഅഡ്വ. നാസിഫയെ ആദരിക്കുന്ന ചടങ്ങിൽ ഉപഹാരം കൈമാറാൻ കഴിഞ്ഞത് ഏറെ ഹൃദ്യമായ അനുഭവം ആയിരുന്നു .
ചെറുപ്രായത്തിൽ തന്നെ ഭരണനേതൃത്വത്തിലേക്ക് നടന്നു കയറിയ നാസിഫയുടെ വളർച്ച ഏറെ കൗതുകത്തോടെയും അഭിമാനത്തോടെയുമാണ് നാട്ടുകാർ നോക്കിക്കാണുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കരുത്ത് തെളിയിച്ച അവൾ, ലീഗിൽ സ്ത്രീ ജാഗരണത്തിന് പുതിയ ദിശാബോധം നൽകിയ ‘ഹരിത’ എന്ന പ്രസ്ഥാനത്തിന്റെ അണിയറയിലും അരങ്ങത്തും തന്റെ അടയാളം പതിപ്പിച്ചിട്ടുണ്ട്.
മാറുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾ:
കാസർകോട് ഭാഗങ്ങളിൽ കുടുംബക്കാരുടെ ‘കെയറോഫിൽ’ മാത്രം രാഷ്ട്രീയത്തിൽ എത്തുന്ന ലീഗിലെ പ്രോക്സി സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി, സ്വന്തം കഴിവും പ്രൊഫഷണൽ ബിരുദവും കൊണ്ട് രാഷ്ട്രീയത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കാൻ നാസിഫയ്ക്ക് സാധിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവെച്ച, നിലവിൽ കാസർകോട് മുനിസിപ്പൽ ചെയർപേഴ്സൺ കൂടിയായ ഷാഹിന സലീമിനെപോലെ, ചെമനാട് പഞ്ചായത്തിൽ പ്രസിഡണ്ട് ആയി ശോഭിച്ച സുഫൈജ യെപ്പോലെ പ്രൊഫഷണൽ ബിരുദമുള്ള വനിതകൾ ജനപ്രതിനിധികളായി വരുന്നത് സമൂഹത്തിന് വലിയ ഗുണം ചെയ്യുമെന്ന് തെളിഞ്ഞതാണ്.
നേട്ടങ്ങളുടെ കരുത്തിൽ മുന്നേറാൻ ഇനി നാസിഫയും :

കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ച സ്ഥാനാർത്ഥിയെന്ന ബഹുമതി ഈ യുവ അഭിഭാഷകയ്ക്കാണ്. എൽ.എൽ.ബി
ഇൻ്റേൺഷിപ്പ് കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകൻ കപിൽ സിബലിന്റെ കൂടെ പ്രവർത്തിച്ച് ലഭിച്ച പരിചയം നാസിഫയുടെ നിയമപരമായ കാഴ്ചപ്പാടുകളെ കൂടുതൽ വിശാലവും ദൃഢവുമാക്കിയിട്ടുണ്ട്. നിലവിൽ ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
പിതാവ് എ.കെ. ജലീൽ നൽകിയ രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെങ്കിലും, അത് മറയാക്കാതെ, സ്വന്തമായി പ്രതിഭ കൊണ്ട് കഠിനാധ്വാനം ചെയ്ത് വെട്ടിയെടുത്ത പാതയിലൂടെ വളർന്നു വന്ന നാസിഫ നാളെ മികച്ചൊരു നിയമവിദഗ്ധയായും രാഷ്ട്രീയ നേതാവായും തിളങ്ങുമെന്ന് ഉറപ്പാണ്.
എന്റെ ബന്ധു കൂടിയായ യുവ നേതാവിനെ ആദരിക്കാൻ അവസരം നൽകിയ അഷറഫ് കാർലക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അഡ്വ: നാസിഫയ്ക്ക് എല്ലാവിധ ആശംസകളും! എഴുത്ത് നിസാർ മൊഗ്രാൽ


