KSDLIVENEWS

Real news for everyone

ഇറാഖിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു, ആക്രമണമല്ലെന്ന് യുഎസ്; ഇതുവരെ നഷ്ടമായത് നാല് വിമാനങ്ങൾ

SHARE THIS ON

ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി 135 സൈനിക വിമാനമാണ് തകർന്നുവീണത്. ഇന്ധനം നിറയ്ക്കുന്ന വിമാനമാണിത്. പൈലറ്റ് , കോ പൈലറ്റ്, വിമാനത്തിൽ ഇന്ധനം നിറക്കാനുപയോഗിക്കുന്ന ബൂം പ്രവർത്തിക്കുന്ന ഓപ്പറേറ്റർ എന്നിങ്ങനെ മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് വ്യോമസേന അറിയിച്ചു. ആക്രമണത്തിനിടെയല്ല വിമാനം തകർന്നുവീണതെന്ന് യുഎസ് പറയുന്നു.

അതേസമയം, യുഎസിന്റെ കെസി 135 വിമാനം തകർത്തത് ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധഗ്രൂപ്പ് ആണെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം രംഗത്തെത്തി. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വീഴ്ത്തുകയായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ഇറാനുമായുള്ള യുദ്ധം തുടങ്ങിയശേഷം അമേരിക്കയ്ക്ക് ഇത് നാലാമത്തെ വിമാനമാണ് നഷ്ടമാകുന്നത്. നേരത്തെ മൂന്ന് എഫ് – 15 വിമാനങ്ങൾ തകർന്നിരുന്നു. മറ്റൊരു വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും യുഎസ് അറിയിച്ചു. കഴിഞ്ഞ 60 വർഷത്തിലേറെയായി യുഎസ് സേനയിൽ കെസി 135 വിമാനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. 37 പേരെ വഹിക്കാൻ ഈ വിമാനത്തിന് സധിക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, യുദ്ധം അയവില്ലാതെ തുടരുകയാണ്. യു.എസ്-ഇസ്രയേൽ സഖ്യത്തിനുനേരേയുള്ള യുദ്ധം അവരുടെ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് പേർഷ്യൻ ഉൾക്കടലുകളിലേക്ക് ഇറാൻ വ്യാപിപ്പിച്ചതോടെ ലോകം വിലക്കയറ്റഭീതിയും നേരിടുകയാണ്. ഇറാഖിന്റെ സമുദ്രമേഖലയിലൂടെ പോയ രണ്ട് എണ്ണക്കപ്പലുകൾകൂടി ഇറാൻ കത്തിച്ചു. കപ്പലുകളിൽ ഒന്നിൽ ജോലിചെയ്തിരുന്ന ഇന്ത്യക്കാരൻ മരിച്ചു.

മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള ‘സെയ്ഫ്‌സീ വിഷ്ണു’ എന്ന കപ്പലിനുനേരേ ഇറാഖിലെ ബസ്രയിലെ ഖോർ അൽ സുബൈർ തുറമുഖത്തിനുസമീപം ബുധനാഴ്ചരാത്രിയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരനാണ് മരിച്ച ഇന്ത്യക്കാരൻ. 15 ഇന്ത്യക്കാരുൾപ്പെടെ മറ്റ് 27 ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കപ്പലിൽനിന്ന് കപ്പലിലേക്ക് ചരക്കുകൈമാറുന്ന മേഖലയിലായിരുന്നു ആക്രമണം.

സ്‌ഫോടകവസ്തുനിറച്ച ചെറു ‘ചാവേർ ബോട്ട്’ കപ്പലിൽ ഇടിപ്പിച്ചാണ് ആക്രമണം. ആക്രമണത്തെത്തുടർന്ന് ഇറാഖിലെ എല്ലാ എണ്ണ ടെർമിനലുകളും പ്രവർത്തനം നിർത്തി.

ബുധനാഴ്ചരാത്രി മറ്റൊരുകപ്പലും ഇറാഖിന്റെ സമുദ്രാതിർത്തിയിൽ സമാനരീതിയിൽ ആക്രമണത്തിനിരയായി. നാവികർക്ക് സഹായം ലഭ്യമാക്കാൻ ഇറാഖി അധികൃതരുമായി ചേർന്നുപ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥാനപതികാര്യാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!