കാബൂളിലെ ആശുപത്രിയിൽ പാകിസ്താൻ്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം. ആക്രമണത്തിൽ 250 ഓളം പേർക്ക് പരിക്കേറ്റതായും ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഈ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്നു എന്നാണ് വിവരം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തീ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പണിപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ, ആശുപത്രിയോ സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാകിസ്താൻ വാദിച്ചു. കാബൂളിലും നംഗർഹാറിലും നടത്തിയ ആക്രമണങ്ങളിൽ താലിബാൻ്റെയും മറ്റ് തീവ്രവാദികളുടെയും സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു. പാകിസ്താനിലെ നിരപരാധികൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന സൗകര്യങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും, ആശുപത്രി ആക്രമിച്ചു എന്ന അവകാശവാദം അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ മറച്ചുവെക്കാനുള്ള വ്യാജ പ്രചാരണം മാത്രമാണെന്നും പാകിസ്താൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി 27 മുതൽ അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് ഭീകരാക്രമണം നടത്തുന്നവർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അഭയം നൽകുന്നു എന്നാണ് പാകിസ്താൻ്റെ പ്രധാന ആരോപണം. എന്നാൽ താലിബാൻ ഇത് തള്ളിക്കളഞ്ഞു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.

