KSDLIVENEWS

Real news for everyone

ഡോ.വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം; ഒരു ലക്ഷം രൂപ പിഴ

SHARE THIS ON

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്. ആശുപത്രികളിലെ സുരക്ഷയെകുറിച്ച് ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസായിരുന്നു ഇത്.

2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതി സന്ദീപ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകൾപ്രകാരം കുറ്റം ചെയ്തതായി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ആശുപത്രിസംരക്ഷണനിയമത്തിലെ മൂന്ന്‌, നാല്‌ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യവും പ്രതി ചെയ്തതായി തെളിഞ്ഞിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ശിക്ഷാവിധി.

തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയർത്തി രക്ഷപ്പെടാനാണ് പ്രതി കോടതിയിൽ ശ്രമിച്ചത്. എന്നാൽ കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലർത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ നീക്കങ്ങൾ പൊളിയുകയായിരുന്നു.

സന്ദീപ് മാനസികരോഗചികിത്സയ്ക്കു വിധേയനാകുന്നയാളാണെന്ന് തെളിയിക്കാൻ പ്രതിഭാഗം മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച രേഖകൾ ഹാജരാക്കിയിരുന്നു. ഇതേപ്പറ്റി വിശദമായ വാദപ്രതിവാദം കോടതിയിൽ നടന്നു. കേസിൽ നിയമഗ്രന്ഥങ്ങളോടൊപ്പംതന്നെ മെഡിക്കൽ ഗ്രന്ഥങ്ങളെയും പ്രോസിക്യൂഷന് ആശ്രയിക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!