നതാൻസ് ആക്രമണത്തിന് തിരിച്ചടി; ഇസ്രയേലിനെ വിറപ്പിച്ച്
ആണവകേന്ദ്രങ്ങൾക്കുസമീപം ഇറാന്റെ ആക്രമണം, 100 ലേറെ
പേർക്ക് പരിക്ക്

ടെൽ അവീവ്: അടിക്ക് തിരിച്ചടിയെന്നോണം ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പട്ടണങ്ങൾക്കുനേർക്ക് ഇറാന്റെ വ്യോമാക്രമണം. ശനിയാഴ്ച ഇറാന്റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്ക് ഇസ്രയേൽ-യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഡിമോണയിലുള്ള ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ജനവാസ കേന്ദ്രത്തിന് നാശനഷ്ടങ്ങളുണ്ടായി. കെട്ടിടങ്ങളുടെ മുൻഭാഗം തകരുകയും ഭൂമിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മിസൈലുകളെ തടയാനായില്ലെന്നും റിപ്പോർട്ട് പറയുന്നു.
അരാദിലും നിരവധി കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിൻ്റെ ദേശീയ അടിയന്തര വൈദ്യസഹായ വിഭാഗമായ മാഗൻ ഡേവിഡ് അഡോമിൻ്റെ കണക്കനുസരിച്ച്, അരാദിൽ 84 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഡിമോണയിൽ 33 പേർക്കും പരിക്കേറ്റിട്ടുണ്ട്.
‘ഇന്ന് എൻ്റെ മനസ്സ് അരാദിലെയും ഡിമോണയിലെയും നിവാസികൾക്കൊപ്പമാണ്’ എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചെങ്കിലും മിസൈലിനെ തടയാൻ സാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഏറ്റവും വലിയ ആണവസമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിനുനേരേ ശനിയാഴ്ചയാണ് യു.എസും ഇസ്രയേലും ആക്രമണം നടത്തിയത്. ഇവിടെ ആണവ വികിരണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ മിസാൻ അറിയിച്ചു. ടെഹ്റാനിൽനിന്ന് ഏകദേശം 220 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിനു നേർക്ക് യുദ്ധത്തിന്റെ ആദ്യവാരവും ഇസ്രായേലിൻ്റെയും അമേരിക്കയുടെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു.
ഇറാന്റെ മറ്റുചില നഗരങ്ങളിലും ശനിയാഴ്ച ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഇസ്രയേൽ-യു.എസ്. ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ഗൾഫ് രാഷ്ട്രങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശനിയാഴ്ചയും അയവുണ്ടായില്ല. ഇറാന്റെ 22ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ഇസ്രയേലിലെ ടെൽ അവീവ്, ഏകർ, ഹൈഫ ബേ എന്നിവിടങ്ങളും കുവൈത്തിലെ അലി അൽ സലീം എയർബേസും സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമത്താവളവും ഇറാൻ ലക്ഷ്യമിട്ടു. ജൂതരും ഇസ്ലാം മതവിശ്വാസികളും ക്രിസ്ത്യാനികളും പുണ്യനഗരമായി കണക്കാക്കുന്ന ജറുസലേമിലെ പഴയ നഗരത്തിൽ ഇറാന്റെ ഡ്രോണാക്രമണമുണ്ടായി.

