KSDLIVENEWS

Real news for everyone

ഭരണമാറ്റം നടക്കാൻ പോകുന്നത് ഇറാനിലല്ല: അമേരിക്കയിൽ; ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

SHARE THIS ON

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് മേരി പറഞ്ഞു.

”ഡോണൾഡിന് ഒടുവിൽ ഭരണമാറ്റം ലഭിക്കാൻ പോവുകയാണ്- പക്ഷേ അത് അമേരിക്കയിലായിരിക്കും, ഇറാനിലല്ല. ഇവിടെ രാജാക്കന്മാരില്ല”- മേരി എക്‌സിൽ കുറിച്ചു. നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. ആഴ്ചകൾ നീണ്ട യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ ഭരണമാറ്റം കൈവരിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയെ ലക്ഷ്യംവെച്ചായിരുന്നു മേരിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനിൽ ഭരണമാറ്റം നടന്നതായി ട്രംപ് അവകാശപ്പെട്ടത്. ”നമ്മൾ അവരുമായി ഒരു കരാറിൽ ഏർപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്… പക്ഷേ നിലവിൽ അവിടെ ഭരണമാറ്റം ഉണ്ടായിക്കഴിഞ്ഞു” എന്നായിരുന്നു കൊല്ലപ്പെട്ട ഇറാനിയൻ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞത്. മുമ്പ് ആരും ഇടപഴകിയിട്ടില്ലാത്ത പുതിയൊരു വിഭാഗം ആളുകളുമായാണ് ഇപ്പോൾ ആശയവിനിമയം നടത്തുന്നതെന്നും അതിനാൽ ഇതിനെ ഭരണമാറ്റമായി കണക്കാക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ മേരി ട്രംപ് തന്റെ യൂട്യൂബ് ചാനലിലൂടെയും ട്രംപിന്റെ ഇറാൻ നയത്തെ രൂക്ഷമായി വിമർശിച്ചു. ഈ യുദ്ധം എണ്ണമറ്റ ജീവനുകളും കോടിക്കണക്കിന് ഡോളറുകളും നഷ്ടപ്പെടുത്തും. ഇറാൻ ജനതയെ സ്വതന്ത്രരാക്കാനല്ല ട്രംപ് ബോംബിടുന്നത്, പകരം തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും മേരി ആരോപിച്ചു. താൻ വലിയ പ്രതിസന്ധിയിലാണെന്ന് ട്രംപിന് അറിയാമെന്നും, അപമാനം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രശ്രമമാണ് ഈ യുദ്ധത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!