KSDLIVENEWS

Real news for everyone

ഇസ്രയേൽ പാർലമെൻ്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം: ബജറ്റ് ചർച്ചയ്ക്കിടെ ബങ്കറിലേക്ക് ഇറങ്ങി ഓടി നെതന്യാഹുവും എംപിമാരും

SHARE THIS ON

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ പ്രതിരോധ ചെലവുകൾ കുത്തനെ വർധിപ്പിച്ച് 2026ലെ ബജറ്റ് പാസാക്കി ഇസ്രയേൽ. 69,900 കോടി ഷെക്കലിന്‍റെ (ഏകദേശം 20 ലക്ഷം കോടി രൂപ) ബജറ്റിനാണ് ഇസ്രയേൽ പാർലമെന്‍റായ നെസറ്റ് അംഗീകാരം നൽകിയത്. 55നെതിരെ 62 വോട്ടുകൾക്ക് ബജറ്റ് പാസായി. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. 

പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കീഴിൽ പ്രതിരോധ ചെലവ് ഗണ്യമായി കൂടിയെന്ന് ബജറ്റ് രേഖകൾ പറയുന്നു. 2023ൽ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ ചെലവ് 120% വർധിച്ചു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകൾക്കും മറ്റു സൈനിക ആവശ്യങ്ങൾക്കുമായി 600 കോടി ഡോളറാണ് (56,000 കോടി രൂപ) വകയിരുത്തിയിരിക്കുന്നത്. ആയുധ ശേഖരം വര്‍ധിപ്പിക്കാനും സൈനികർക്ക് പ്രതിഫലം നല്‍കാനുമാണിത്. ലെബനനിലും ഇസ്രയേൽ സൈനിക നീക്കം നടത്തുന്നുണ്ട്. ഇതിനു വേണ്ടി ഓരോ ആഴ്ചയും 160 കോടി ഡോളർ (15,000 കോടി രൂപ) വേണം. 

2023ലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായി ഗാസയിൽ സൈനിക നടപടി തുടങ്ങിയ ശേഷം ഇസ്രയേലിന്‍റെ കടമെടുപ്പും വർധിച്ചു. 2024ൽ മാത്രം 28,000 കോടി ഷെക്കലായിരുന്നു കടമെടുപ്പ്. പുതിയ ബജറ്റിന് വേണ്ടി കടമെടുപ്പ് വര്‍ധിപ്പിക്കേണ്ടി വരും. ‘‘ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവരെ സംരക്ഷിക്കാനാണ് ഈ ബജറ്റ്. എതിർത്തു വോട്ടു ചെയ്യുന്നവർ ഇസ്രയേലിന്‍റെ സുരക്ഷയെയാണ് അപകടത്തിലാക്കുന്നത്’’ – ഇസ്രയേൽ ധനമന്ത്രി ബെസാനൽ സ്മോട്രിച്ച് പറഞ്ഞു. 

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഈ ബജറ്റെന്നാണ് പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് ആരോപിച്ചത്. ബജറ്റ് സമ്മേളനത്തിനിടയിൽ ഇറാന്‍റെ മിസൈൽ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പലതവണ സഭ പിരിയേണ്ടി വന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തോൽവി ഒഴിവാക്കി നെതന്യാഹു

ഇസ്രയേലിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് തിരക്കിട്ട് ബജറ്റ് പാസാക്കിയതിലൂടെ നെതന്യാഹു ഒഴിവാക്കിയത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹു തോൽക്കുമെന്ന് ചില സർവേകൾ വ്യക്തമാക്കിയിരുന്നു. മാർച്ച് 31നകം ബജറ്റ് പാസായില്ലായിരുന്നെങ്കിൽ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു. ഒക്ടോബര്‍ വരെയാണ് നിലവിലെ സർക്കാരിന്‍റെ കാലാവധി. എന്നാൽ തിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ തന്നെ നടത്തുമെന്നാണ് നെതന്യാഹു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!