KSDLIVENEWS

Real news for everyone

വിമാന ഇന്ധനം രണ്ടുമാസത്തേക്കുമാത്രം; ടിക്കറ്റ് നിരക്ക് വൻതോതിൽ കൂടാൻ സാധ്യത, ബദൽ മാർഗം തേടി കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് വിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രം. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനം ലഭിക്കുന്നത് കുറഞ്ഞതിനാൽ വില കൂടുന്നുണ്ട്. ഇക്കാരണത്താൽ വരുംദിവസങ്ങളിൽ വിമാനടിക്കറ്റ് നിരക്ക് വൻതോതിൽ കൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് വ്യോമയാന മന്ത്രാലയം ബദൽമാർഗം തേടിത്തുടങ്ങി.

60 ദിവസത്തേക്കുള്ള ഇന്ധനമുണ്ടെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു കഴിഞ്ഞദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ ഒന്നുമുതൽ ഇന്ധനവില കൂടുമെന്നതിനാൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വാറ്റ് കുറയ്ക്കാൻ വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങളുമായി ആശയവിനിമയം തുടങ്ങി. ഇപ്പോൾ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വാറ്റ് നിരക്കാണുള്ളത്. യു.പി.യിൽ വിമാന ഇന്ധനത്തിന് ഒരു ശതമാനമാണ് വാറ്റെങ്കിൽ ഡൽഹിയിൽ 25 ശതമാനമാണ്. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി ഇക്കാര്യം രാം മോഹൻ നായിഡു സംസാരിച്ചതായാണ് വിവരം. ഈ സാഹചര്യം ഡൽഹി മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമയാനമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് ഡൽഹി. 7.9 കോടി പേരാണ് കഴിഞ്ഞ സാമ്പത്തികവർഷം ഡൽഹി വഴി യാത്രചെയ്തത്. വാറ്റ് കുറയ്ക്കുന്നത് തങ്ങൾക്ക് ആശ്വാസം നൽകുമെന്ന് വ്യോമയാന കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യൻസംഘർഷം ഇന്ധന വിലയിൽ കുതിപ്പുണ്ടാക്കിയതുമുതൽ നികുതിഭാരം കുറയ്ക്കാൻ സംസ്ഥാനങ്ങളോടാവശ്യപ്പെടണമെന്ന് വിമാനക്കമ്പനികൾ മന്ത്രാലയത്തോട് അഭ്യർഥിക്കുന്നുണ്ട്. യുദ്ധം തുടങ്ങിയശേഷം ആഗോളതലത്തിൽ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. ഫെബ്രുവരി 27-ന് പ്രതിവാര ശരാശരി വില വീപ്പയ്ക്ക് 99.40 ഡോളർ ആയിരുന്നെങ്കിൽ മാർച്ച് 27-ന് 195.19 ഡോളറായി. ഇതോടെ ടിക്കറ്റ് നിരക്കിലും വലിയ വർധനയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!