KSDLIVENEWS

Real news for everyone

ഞാൻ അസ്വസ്ഥനാണ്: വലിയ വില നൽകേണ്ടിവരും; ഇറാൻ വെടിനിർത്തൽ നിർദേശം നിരസിച്ചതിൽ നീരസവുമായി ട്രംപ്

SHARE THIS ON

വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. താത്കാലിക ഉടമ്പടികൾക്ക് പകരം ഉപരോധങ്ങൾ നീക്കുന്നതും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്.

ഇറാന്റെ ഈ നിലപാടിൽ താൻ വളരെ അസ്വസ്ഥനാണെന്നും എത്രയും വേഗം ഒരു കരാറിൽ എത്തിച്ചേരാൻ സാധിക്കാത്ത പക്ഷം ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമാധാന കരാറിൽ എത്തുന്നതിനുമായി ട്രംപ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള സമയപരിധി അടുത്തവരികയാണ്.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് താൻ നിലപാടുകൾ കടുപ്പിക്കുകയാണ് എന്ന സൂചന കൂടി ട്രംപ് നൽകിയിരിക്കുന്നത്. ഇറാന്റെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനികമായോ സാമ്പത്തികമായോ ഉള്ള കടുത്ത നടപടികൾ സ്വീകരിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് ചൊവ്വാഴ്ച വരെയാണ് സമയപരിധി നൽകിയിട്ടുള്ളതെന്നും, അത് അവസാനത്തേതായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘അവർ (ഇറാൻ) ചെയ്യേണ്ടത് ചെയ്താൽ ഇത് വളരെ വേഗത്തിൽ അവസാനിക്കും. ചില കാര്യങ്ങൾ അവർ ചെയ്യേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് അവർക്കറിയാം.’ ട്രംപ് പറഞ്ഞു. ഇറാൻ ഔദ്യോഗികമായി യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

‘മുൻപത്തേതിൽനിന്ന് വ്യത്യസ്തമായി, ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഉണ്ടായിരുന്ന ‘ഭ്രാന്തന്മാരേക്കാൾ’ (lunatics), കൂടുതൽ വിവേകമുള്ളവരാണ് ഇപ്പോൾ ഇറാനിലുള്ളത്.’ ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ‘പ്രധാനപ്പെട്ട ഒരു നിർദ്ദേശം’ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും എന്നാൽ അത് ‘പര്യാപ്തമല്ല’ എന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ഘട്ടംമുതൽ മധ്യസ്ഥതയ്ക്കായി മുന്നിട്ടുനിൽക്കുന്ന പാകിസ്താൻ വഴി തന്നെയാണ് ഇറാൻ യുഎസിന് മറുപടി നൽകിയിരിക്കുന്നത് എന്ന് ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

താത്കാലിക വെടിനിർത്തലിനേക്കാൾ ‘യുദ്ധത്തിന് ശാശ്വതമായ അന്ത്യം’ ആണ് വേണ്ടതെന്നാണ് ഇറാന്റെ നിലപാട്. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുക, ഉപരോധങ്ങൾ നീക്കുക, പുനർനിർമ്മാണത്തിനുള്ള പ്രതിജ്ഞാബദ്ധത എന്നിവയുൾപ്പെടെ 10 വ്യവസ്ഥകളടങ്ങിയ ചട്ടക്കൂടാണ് ഇറാന്റെ മറുപടിയിൽ ഉള്ളത്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ അസഭ്യവാക്കുകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങളോടും ട്രംപ് പ്രതികരിച്ചു. താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഊന്നിപ്പറയാൻ വേണ്ടി മാത്രമാണ് അത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘എന്റെ ഭാഗം വ്യക്തമാക്കാൻ മാത്രമാണ് ആ ഭാഷ ഉപയോഗിക്കുന്നത്, അത് നിങ്ങൾ ഇതിനുമുമ്പും കേട്ടിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ കരാറിൽ എത്താനായില്ലെങ്കിൽ ഇറാൻ നരകതുല്യമാകും എന്നും ട്രംപ് ഭീഷണിപ്പെടുത്തി. അതേസമയം, ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് യുഎസ് വൈമാനികരെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് കൂടുതൽ ശാന്തമായ മറുപടിയാണ് നൽകിയത്. ‘അവർ രണ്ടുപേരും സുഖം പ്രാപിച്ചുവരുന്നു. അവർക്ക് രണ്ടുപേർക്കും പരിക്കേറ്റിരുന്നു, ഇപ്പോൾ അവർ സുഖമായിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!