ഞങ്ങളുടെ കൈ തോക്കിൻ കാഞ്ചിയിൽ: കരാർ ലംഘിച്ചാൽ ഉടൻ തിരിച്ചടി

തെഹ്റാൻ: യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം 10 ഇന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ. പാകിസ്താന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിബന്ധനകൾ വ്യക്തമാക്കിയത്. ഹുർമൂസിലൂടെ കപ്പൽ ഗതാഗതത്തിന് ചുങ്കം ഏർപ്പെടുത്തുന്നതാണ് ഇതിലെ മറ്റൊരു പ്രധാന ആവശ്യം.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു. തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ച തിരിച്ചടി നിർത്തുമെന്നും ഇറാൻ അറിയിച്ചു.
രണ്ടാഴ്ചയെന്ന സമയപരിധി ഇരുകക്ഷികളുടെയും ധാരണ പ്രകാരം നീട്ടാൻ കഴിയും. ഇതിനായുള്ള തുടർചർച്ചകൾ ഏപ്രിൽ 10ന് പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടങ്ങും. തങ്ങളുടെ കൈകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും ശത്രുക്കൾ ലംഘിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.
ചർച്ചകൾ നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനിൽക്കണം. വിജയാഘോഷങ്ങൾ ശക്തിയോടെ തുടരുകയും ചെയ്യണം. അമേരിക്കയെ പൂർണമായി വിശ്വസിച്ചല്ല ഈ ചർച്ചകൾക്ക് ഇറാൻ തയ്യാറാകുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
ഇറാൻ സായുധ സേനയുടെ നിയന്ത്രണത്തിൽ ഹുർമൂസ് കടലിടുക്കിലൂടെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കും. ഹുർമൂസിൽ ഇറാന് സവിശേഷ സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നൽകണം. ലബനാൻ, ഇറാഖ് തുടങ്ങി ഇറാനുമായി ബന്ധമുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ൽ ഉൾപ്പെട്ട എല്ലാ ഘടകങ്ങൾക്കുമെതിരായ യുദ്ധം അവസാനിപ്പിക്കണം. മേഖലയിലെ എല്ലാ താവളങ്ങളിൽ നിന്നും യു.എസ് യുദ്ധ സേനയെ പിൻവലിക്കണം. ഇറാന്റെ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകണം. ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിൻവലിക്കണം. വിദേശത്തുള്ള ഇറാന്റെ എല്ലാ മരവിപ്പിച്ച ആസ്തികളും സ്വത്തുക്കളും വിട്ടുനൽകണം. സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ ഈ കാര്യങ്ങളെല്ലാം അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
ട്രംപിന്റെ ‘8 PM’ അന്ത്യശാസനവും ഇറാന്റെ ഉറച്ച നിലപാടും
ഇന്നലെ സൂയസ് കനാൽ തുറക്കാനുള്ള ‘8 PM’ അന്ത്യശാസനം ട്രംപ് ആവർത്തിക്കുകയും അനുസരിച്ചില്ലെങ്കിൽ ഇറാൻ നാഗരികതയെ മുച്ചൂടും നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ സമയം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കുമ്പോഴും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഇറാൻ സധൈര്യം ഉറച്ചുനിൽക്കുകയാണ് ചെയ്തത്.
സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും താൽപര്യങ്ങൾ ഹനിച്ചുള്ള സമവായ ചർച്ചകൾക്ക് വഴങ്ങില്ലെന്നും ഇപ്പോഴത്തെ ചർച്ചകൾ യു.എസിന്റെ താൽപര്യങ്ങളുടെ പുറത്തുമാത്രമാണെന്നുമായിരുന്നു കഴിഞ്ഞദിവസം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ചൊവ്വാഴ്ച, രാജ്യത്തെ കൂടുതൽ സമ്മർദത്തിലാക്കാൻ ഖാർഗ് ദ്വീപിലടക്കം ആക്രമണം നടത്തിയിട്ടും ആദ്യനിലപാടിൽനിന്ന് വ്യതിചലിക്കാൻ ഇറാൻ തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നല്ല, ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ആവശ്യമെങ്കിൽ യു.എസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും എണ്ണശേഖരങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തുമെന്നും ഇറാൻ വ്യക്തമാക്കി.
രാജ്യത്തെ പ്രതിരോധിക്കാനായി ജീവൻ ത്യജിക്കാൻ സന്നദ്ധത അറിയിച്ച് 1.4 കോടി ജനങ്ങൾ മുന്നോട്ടുവന്നുവെന്നാണ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ പറഞ്ഞത്. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’-പെസഷ്കിയാൻ എക്സിൽ കുറിച്ചു.
ഹുർമുസ് തുറന്നില്ലെങ്കിൽ യു.എസ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന് രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്കുചുറ്റും ‘മനുഷ്യ ശൃംഖല’ തീർത്ത് പ്രതിരോധം സജ്ജമാക്കാൻ ഇറാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചയ്തു. ഇതിന് പിന്നാലെയായിരുന്നു പെസഷ്കിയാന്റെ എക്സ് പോസ്റ്റ്.
ഇറാന്റെ റവല്യൂഷനറി ഗാർഡുകളും പ്രതിരോധത്തിന്റെ സൂചന തന്നെയാണ് നൽകിയത്. ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ യു.എസിന്റെയും സഖ്യകക്ഷികളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇത് ആ രാജ്യങ്ങളെ മേഖലയിലെ എണ്ണ, വാതക വിതരണത്തിൽനിന്ന് നിഷ്കരുണം പുറന്തള്ളുമെന്നും ഐ.ആർ.ജി.സി വക്താവ് പറഞ്ഞു.
അന്ത്യശാസന സമയം കഴിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, വെടിനിർത്തലിനുള്ള അവസാനഘട്ട സാധ്യതകൾക്ക് മധ്യസ്ഥ രാജ്യങ്ങൾ മുൻകൈയെടുക്കുകയായിരുന്നു. പാകിസ്താൻ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളാണ് പ്രധാനമായും നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പാകിസ്താനിലെ ഇറാൻ എംബസി കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.
ചർച്ച അതിനിർണായക ഘട്ടത്തിലാണെന്ന് പാക് സൈനിക മേധാവിയുമായി സംസാരിച്ചശേഷം ഇന്നലെ ഇറാൻ അംബാസഡർ റിസ അമീരി പറഞ്ഞിരുന്നു. പാക്-ഈജിപ്ത് വിദേശകാര്യ മന്ത്രിമാരും ചർച്ച നടത്തി. തുടർന്ന്, ഈജിപ്ത് വിദേശകാര്യ മന്ത്രി, ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി പ്രത്യേകം ചർച്ച നടത്തി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. എന്നാൽ, ഇസ്രായേൽ പക്ഷമാണ് ഇതിന് വിരുദ്ധമായ നിലപാട് എടുത്തത്. ഒടുവിൽ, തിരക്കിട്ട ചർച്ചകളിലൂടെ ട്രംപും കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാനും വെടിനിർത്തലിന് വഴങ്ങുകയായിരുന്നു.

