ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് അമേരിക്ക; ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ, സമാധാന പ്രതീക്ഷയിൽ ഹോർമുസ്

ഇസ്ലാമാബാദ് : ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമായി കൈവശം വച്ചിരിക്കുന്ന ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ യുഎസ് സമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ യുഎസ് – ഇറാൻ ചർച്ചകൾക്ക് സാധ്യതയേറി. വിഷയത്തിൽ യുഎസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ യുഎസ് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
10 ഇന നിർദേശങ്ങളിൽ ഒന്ന് ഇക്കാര്യമായിരുന്നു. ഖത്തറിന്റെ കൈവശം ഉണ്ടായിരുന്ന 6 ബില്യൺ ഡോളർ വരുന്ന ഇറാന്റെ ഫണ്ടാണ് വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചത്. എട്ട് വർഷം മുൻപ് 2018ലാണ് ഇറാന്റെ ഫണ്ട് മരവിപ്പിച്ചത്. യുഎസ്-ഇറാനിയൻ തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി 2023-ൽ ഈ തുക കൈമാറേണ്ടതായിരുന്നു.
എന്നാൽ 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതോടെ ജോ ബൈഡന്റെ ഭരണകൂടം ഫണ്ടുകൾ വീണ്ടും മരവിപ്പിക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ചർച്ചകൾ റദ്ദാക്കപ്പെടുമെന്ന് ഇറാനിയൻ സർക്കാർ വാർത്താ ചാനൽ അറിയിച്ചു. ചർച്ചകളിൽ നിന്ന് പിന്മാറുന്നതും നയതന്ത്രത്തിന്റെ ഭാഗം.
ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാതെ ചർച്ചയ്ക്ക് ആളെ അയക്കില്ലെന്നാണ് ഇറാൻ നിലപാട്. ലബനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. പ്രതിനിധി സംഘത്തെയും ഇറാൻ തീരുമാനിച്ചിട്ടില്ല.
ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. ജനങ്ങൾക്ക് ഇറാൻ സേന സ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിൽ പണം ഈടാക്കുമെന്ന് ഇറാൻ അറിയിച്ചു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി.
ഖത്തറിലും യുഎഇയിലും മറ്റ് വിദേശ ബാങ്കുകളിലും മരവിപ്പിച്ചിരുന്ന ഇറാൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ അമേരിക്ക ധാരണയിലെത്തിയതായാണ് സൂചന. ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിൽ നിരവധി ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങുന്നതായാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ കാണിക്കുന്നത്. ഒരു ചൈനീസ് ചരക്ക് കപ്പൽ കഴിഞ്ഞ രാത്രി കടലിടുക്ക് കടന്നുപോയതായും റിപ്പോർട്ടുകളുണ്ട്.

