യുഎഇയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണ; സന്ദർശനം തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴമെന്ന് ഷെയ്ഖ് അബ്ദുല്ല

അബുദാബി∙ യുഎഇയ്ക്ക് നേരെയും ഇതര സൗഹൃദ രാജ്യങ്ങൾക്ക് നേരെയും നടന്ന മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന ചർച്ചയിൽ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ മുഖ്യവിഷയമായി.
ആക്രമണങ്ങൾ രാജ്യാന്തര സുരക്ഷ, ആഗോള കപ്പൽ ഗതാഗതം, ഊർജ വിതരണം, ലോക സമ്പദ്‌വ്യവസ്ഥ എന്നിവയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. യുഎഇയുടെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ ജയശങ്കർ അറിയിച്ചു.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നതെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാരും സന്ദർശകരും സുരക്ഷിതരാണെന്ന് അദ്ദേഹം ഉറപ്പുനൽകി. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളും ചർച്ചയിൽ വിഷയമായി. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് രാജ്യാന്തര തലത്തിൽ കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് ഇരുമന്ത്രിമാരും വ്യക്തമാക്കി.

