KSDLIVENEWS

Real news for everyone

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; ഹുർമുസ് ഉപരോധത്തിൽ പങ്കുചേരില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ

SHARE THIS ON

ബ്രസ്സൽസ്: ഇറാനെതിരായ നാവിക ഉപരോധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം പങ്കുചേരില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാനുള്ള ട്രംപിന്റെ നീക്കത്തിൽ നിന്ന് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ പിന്മാറിയത് നാറ്റോ സഖ്യത്തിനുള്ളിൽ വലിയ ഭിന്നതക്ക് കാരണമായിട്ടുണ്ട്.

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടത്. ഈ നീക്കത്തിൽ മറ്റ് രാജ്യങ്ങളും പങ്കുചേരുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും സഖ്യകക്ഷികൾ ഇത് തള്ളുകയായിരുന്നു. ഉപരോധത്തെ ബ്രിട്ടൻ പിന്തുണക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ബി.ബി.സിയോട് പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് വലിയ സമ്മർദമുണ്ടായിട്ടും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താല്പര്യമില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നയതന്ത്ര ചർച്ചകളിലൂടെ തുറന്നുകൊടുക്കാനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമാധാനം പുനസ്ഥാപിച്ച ശേഷം മാത്രം മേഖലയിൽ പ്രതിരോധ ദൗത്യങ്ങൾക്കായി സൈന്യത്തെ അയക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇതിനായി ബ്രിട്ടന്റെ സഹകരണത്തോടെ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയെ പിന്തുണക്കാത്ത പക്ഷം സഖ്യത്തിൽ നിന്ന് പിന്മാറുമെന്നും യൂറോപ്പിലെ യു.എസ് സൈന്യത്തെ തിരിച്ചുവിളിക്കുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളോട് ട്രംപ് നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് നയതന്ത്ര ചർച്ചകളാണ് വേണ്ടതെന്നും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ പ്രതികരിച്ചു.

അമേരിക്കൻ സൈന്യം ഏകപക്ഷീയമായി ഉപരോധം നടപ്പിലാക്കാൻ തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിച്ചിരിക്കുകയാണ്. സഖ്യകക്ഷികൾ പോലും കൈവിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ ട്രംപ് ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!