“ജയം ഞങ്ങൾക്ക് തന്നെ” ഒരു ക്വിന്റൽ ലഡുവിന് ഓർഡർ കൊടുത്ത് ബി.ജെ.പി പ്രവർത്തകർ

പാട്ന : ബീഹാറില്‍ നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ആഘോഷങ്ങള്‍ക്കുള്ള ലഡു തയാറാക്കുന്ന തിരക്കിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. പാട്ന സാഹിബ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു ക്വിന്റല്‍ ലഡുവിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തകര്‍.
ഓര്‍ഡര്‍ കൊടുത്തത് പോരാഞ്ഞ് സ്വയം ലഡു നിര്‍മാണവും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുകയാണ്. നന്ദകിഷോര്‍ യാദവ് ആണ് പാട്നയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. വന്‍ ഭൂരിപക്ഷത്തോടെ യാദവ് ജയിക്കുമെന്ന് പറയുന്ന അനുയായികള്‍ക്ക് ഒട്ടും ടെന്‍ഷനുമില്ല.
ബീഹാറില്‍ എന്‍.ഡി.എ വീണ്ടും വിജയിക്കുമെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബീഹാറിനെ വിജയപാതയിലേക്ക് നയിച്ചെന്നും ഇവര്‍ പറയുന്നു. നിലവില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമായ നന്ദകിഷോര്‍ യാദവ് 2010 മുതല്‍ പാട്ന സാഹിബിലെ പ്രതിനിധിയാണ്.

