യുദ്ധം അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിർത്തും; പ്രഖ്യാപനവുമായി ഇറാൻ

ടെഹ്റാൻ: യുദ്ധം പൂർണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്കിൽ കർശനമായ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗൺസിൽ. നാവിക ഉപരോധം പോലുള്ള നടപടികൾ വെടിനിർത്തൽ ലംഘനമായി കണക്കാക്കുകയും പരിമിതമായ തുറന്നുകൊടുക്കൽ പോലും തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. നേരത്തെ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോർമുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
അമേരിക്കയുടെ ചർച്ചകൾക്കുള്ള അഭ്യർത്ഥനകളെയും തുടർന്ന്, പാകിസ്താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ, ഒരു കരട് ചട്ടക്കൂടിനെ അടിസ്ഥാനമാക്കി സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ചർച്ചകൾക്ക് സമ്മതിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. ചർച്ചയിൽ പ്രധാന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തങ്ങൾ വാദിച്ചു. ഇറാൻ തള്ളിക്കളഞ്ഞ അധിക ആവശ്യങ്ങൾ ഉന്നയിച്ചതിനാലാണ് ചർച്ചകൾ പരാജയപ്പെട്ടതെന്നും ഇറാൻ വ്യക്താക്കി.
പാകിസ്താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ പുതിയ നിർദ്ദേശങ്ങൾ അടുത്തിടെ ലഭിച്ചതായും അവ നിലവിൽ പരിശോധിച്ച് വരികയാണെന്നും രണ്ടാംഘട്ട ചർച്ചയെ സൂചിപ്പിച്ച് പ്രസ്താവനയിൽ അറിയിച്ചു.
‘താത്കാലിക വെടിനിർത്തൽ സ്വീകരിക്കുന്നതിനുള്ള പ്രധാന മുൻവ്യവസ്ഥകളിൽ ഒന്ന്, ലെബനനിൽ ഉൾപ്പെടെ വെടിനിർത്തൽ ഉണ്ടാകണമെന്നതായിരുന്നു. എന്നാൽ, സയണിസ്റ്റ് ഭരണം തുടക്കം മുതലേ ലെബനനും ഹിസ്ബുള്ളയ്ക്കും നേരെ ക്രൂരമായ ആക്രമണങ്ങൾ നടത്തി ഇതിനെ ലംഘിച്ചു. സയണിസ്റ്റ് ഭരണകൂടം പിന്നീട് ലെബനനിൽ വെടിനിർത്തലിന് സമ്മതിച്ചു. വെടിനിർത്തൽ മാനിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് താത്കാലികമായും വ്യവസ്ഥാപിതമായും വാണിജ്യ കപ്പലുകൾക്ക് മാത്രമായി തുറന്നുകൊടുക്കും. സൈനിക കപ്പലുകൾക്കോ ശത്രു രാജ്യങ്ങളുടെ സൈനികേതര കപ്പലുകൾക്കോ ഇതിൽ പ്രവേശനമുണ്ടാകില്ല. ഇറാൻ സായുധ സേനയുടെ നിയന്ത്രണത്തിലും അനുമതിയോടെയും ഇറാൻ നിശ്ചയിച്ച പാതകളിലൂടെയും മാത്രമായിരിക്കും കപ്പലുകളുടെ സഞ്ചാരം.
പേർഷ്യൻ ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്കുള്ള ലോജിസ്റ്റിക്സ് സഹായത്തിന്റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിലൂടെയാണ് നൽകുന്നത്, ഇത് ഇറാന്റെ ദേശീയ സുരക്ഷയ്ക്കും ഈ മേഖലയ്ക്കും ഭീഷണിയാണെന്ന് കണക്കാക്കുന്നു. യുദ്ധത്തിന്റെ പൂർണമായ അവസാനം ഈ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ മേൽനോട്ടവും നിയന്ത്രണവും നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്’, ഇറാൻ സുപ്രീം കൗൺസിൽ അറിയിച്ചു.
കപ്പലുകൾക്ക് എന്തെല്ലാം നിയന്ത്രണങ്ങളാണ് ഉണ്ടാകുകയെന്നും പ്രസ്താവനയിൽ വിവരിച്ചിട്ടുണ്ട്. കടന്നുപോകുന്ന കപ്പലുകളിൽനിന്ന് പൂർണമായ വിവരങ്ങൾ ശേഖരിക്കും, ഇറാന്റെ ചട്ടങ്ങൾക്ക് അനുസൃതമായി യുദ്ധകാല സാഹചര്യങ്ങൾക്കനുസരിച്ചുള്ള യാത്രാ സർട്ടിഫിക്കറ്റുകൾ നൽകും, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള ഫീസുകൾ അടയ്ക്കേണ്ടിവരും, ഇറാൻ നിശ്ചയിച്ച പാതകളിലൂടെ മാത്രമാകും കപ്പലുകൾക്ക് പോകാനാകുക തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.
എന്നാൽ, കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ നാവിക ഉപരോധം പോലുള്ള നടപടികൾ ഏർപ്പെടുത്തുകയോ ചെയ്യുന്നിടത്തോളം കാലം, അതിനെ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും ഹോർമുസ് അടച്ചിടുമെന്നും ഇറാൻ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
അതേസമയം, ഇറാനുമായി ‘വളരെ നല്ല സംഭാഷണങ്ങൾ നടക്കുന്നുണ്ട്’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ‘കുറച്ചുകൂടി സുന്ദരമായി പെരുമാറുന്നു’ എന്നും അദ്ദേഹം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇറാൻ വീണ്ടും ഹോർമുസ് അടച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘അവർക്ക് ഞങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ കഴിയില്ല’ എന്ന മറുപടിയാണ് ട്രംപ് നൽകിയത്.

