രാഹുൽഗാന്ധിയുടെ വസതിയിലേക്ക് മാർച്ച്; കേന്ദ്രമന്ത്രി അടക്കമുള്ള ബിജെപി വനിതാ നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: വനിതാസംവരണ ബില്ലിനെ എതിർത്തതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി വനിതാ നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ ഡൽഹിയിലെ വസതിയിലേക്കാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടന്നത്.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്ത്രീവിരുദ്ധ നിലപാടാണെന്ന് ആരോപിച്ചാണ് ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കറുത്ത റിബൺ തലയിൽകെട്ടിയും കരിങ്കൊടികളേന്തിയും മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ രൂക്ഷമായ മുദ്രാവാക്യങ്ങളും മുഴക്കി. രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ഇതോടെ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കേന്ദ്രമന്ത്രി രക്ഷ ഖദ്‌സെ, എംപിമാരായ കമൽജീത് സെജ്‌റാവത്, ബാൻസുരി സ്വരാജ് തുടങ്ങിയ വനിതാ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപി മാർച്ചിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ 30 വർഷമായി രാജ്യത്തെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണെന്നും എന്നാൽ, സ്ത്രീകൾ തുടർച്ചയായി അപമാനം സഹിക്കേണ്ടിവരികയാണെന്നും രേഖാ ഗുപ്ത പറഞ്ഞു. പ്രതിപക്ഷ നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി, അവർ മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആഗ്രഹിച്ചവരായിരുന്നെങ്കിൽ എന്തിനാണ് മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കിയ നിയമത്തെ എതിർത്തതെന്നും ചോദിച്ചു.
സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചെന്ന് ബാൻസുരി സ്വരാജ് പ്രതികരിച്ചു. എന്നാൽ, സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുന്നതിൽനിന്ന് ഒരു ജലപീരങ്കിക്കും തങ്ങളെ തടയാനാകില്ലെന്നും ബാൻസുരി സ്വരാജ് പറഞ്ഞു. കോൺഗ്രസും സഖ്യകക്ഷികളും സ്ത്രീകളെ വഞ്ചിക്കുകയാണ്. സ്ത്രീകളെ വോട്ടിങ്ങിന് മാത്രമായി പരിമിതപ്പെടുത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ ആഗ്രഹമെന്നും അവർ ആരോപിച്ചു.

