പകരം വീട്ടാൻ കടുംകൈ, ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചില്ല; ട്രാക്ടറുമായെത്തി പിച്ച് ഉഴുതുമറിച്ചു രാഷ്ട്രീയ നേതാവ് (വിഡിയോ)

മുംബൈ: ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെ ട്രാക്ടർ ഓടിച്ച് മൈതാനം തകർത്ത് പ്രാദേശിക രാഷ്ട്രീയ നേതാവ്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് സംഭവം നടന്നത്.
ടൂർണമെന്റിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രാദേശിക നേതാവിന്റെ ട്രാക്ടർ പ്രയോഗം. സംഘാടകർ വിഷയത്തില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ജല്‍ഗാവ് ജില്ലയില്‍ നടന്ന എംഎല്‍എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനല്‍ മത്സരത്തിലാണ് സംഭവം. ഏപ്രില്‍ 12-ന് നടന്ന ഈ ഫൈനല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ട്രാക്ടറുമായി നേതാവിന്റെ വരവ്. പുക പറപ്പിച്ച് ട്രാക്ടറുമായി ഗ്രൗണ്ടിലെത്തിയ ഇയാള്‍ പിച്ച് മുഴുവൻ ഉഴുതുമറിച്ചു. പിച്ച് തകർന്നതോടെ മത്സരം തുടരാൻ കഴിയാത്ത സാഹചര്യമായി. തുടർന്ന് മത്സരം റദ്ദാക്കിയതായി സംഘാടകർ അറിയിക്കുകയും ചെയ്തു.
ധരംഗാവ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണ് ഈ സംഭവത്തിന് പിന്നില്‍. ടൂർണമെന്റിലേക്ക് ക്ഷണിക്കാത്തതിനാലാണ് അദ്ദേഹം ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്നാണ് സംഘാടകരുടെ ആരോപണം. ഏതായാലും, സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്.

