KSDLIVENEWS

Real news for everyone

ശക്തമായ ഭൂചലനത്തിന് പിന്നാലെ 80 സെന്‍റീമീറ്റര്‍ ഉയരത്തില്‍ കൂറ്റൻ തിരമാലകള്‍; ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രത

SHARE THIS ON

ടോക്യോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നല്‍കിയത്.

ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് റിക്ടർ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തിന് 40 മിനിറ്റുകള്‍ക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റിമീറ്റർ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു.

ഭൂകമ്പത്തെ തുടർന്ന് തീരദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരോട് ഉടൻ തന്നെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശം നല്‍കി. ടോക്കിയോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. സുനാമി തിരമാലകള്‍ ആവർത്തിക്കാൻ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നല്‍കി. നിലവില്‍ വൻതോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ നേതൃത്വത്തില്‍ അടിയന്തര ദുരിതാശ്വാസ സെല്‍ രൂപീകരിച്ചു. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ആളപായമോ സ്വത്തുനാശമോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങള്‍ സജ്ജമാണ്.

ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ ‘റിംഗ് ഓഫ് ഫയറിലാണ്’ ജപ്പാൻ സ്ഥിതി ചെയ്യുന്നത്. വർഷത്തില്‍ ഏകദേശം 1,500 ഓളം ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടാറുണ്ട്. 2011-ല്‍ 18,500 പേരുടെ മരണത്തിന് ഇടയാക്കിയ 9.0 തീവ്രതയിലുള്ള ഭൂകമ്പത്തെ രാജ്യം ഇന്നും ഭീതിയോടെയാണ് ഓർക്കുന്നത്. 2024-ലും 2025 ഡിസംബറിലും ‘മെഗാക്വേക്ക്’ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ 7.5 തീവ്രതയുള്ള ഭൂചലനത്തില്‍ 40-ഓളം പേർക്ക് പരിക്കേറ്റിരുന്നു. വരാനിരിക്കുന്ന വൻ ഭൂകമ്പം ലക്ഷക്കണക്കിന് ആളുകളുടെ ജീവനും വൻ സാമ്പത്തിക നഷ്ടത്തിനും കാരണമായേക്കാം എന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുമ്പുണ്ടായ ഇത്തരം മുന്നറിയിപ്പുകള്‍ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് ഇടയാക്കി. വിനോദ സഞ്ചാര മേഖലയെയും ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!