കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു

ബേത്തൂർപാറ: കാടുകയറിയെന്ന് കരുതിയ ആനക്കൂട്ടം വീണ്ടും വന്ന് കൃഷി നശിപ്പിപ്പിച്ചു. കർഷകരുടെ നിരന്തര പ്രതിരോധത്തിനൊടുവിലാണ് ആനക്കൂട്ടം പാണ്ടി വനത്തിലെത്തിയത്. മലാങ്കടപ്പ്, ഊവ്വടി പ്രദേശങ്ങളിലിറങ്ങിയ ആറ് ആനകൾ സി.ദാമോദരൻ നായർ, എ.മാധവൻ നായർ, ടി.കൃഷ്ണൻ നായർ, ടി.രാജീവ് നാഥ്, പ്രണവ് എന്നിവരുടെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. നെയ്യംകയം, കൊട്ടംകുഴി പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങാൻ ഒരാഴ്ചയായി നിരന്തര ശ്രമം നടത്തിയിരുന്നെങ്കിലും നാട്ടുകാർ ഉറക്കമൊഴിച്ച് പ്രതിരോധം തീർത്തതിനാൽ പാണ്ടി വനത്തിലേക്ക് മടങ്ങുകയായിരുന്നു.
വനം വകുപ്പിന്റെ ദ്രുതകർമ സേന തിരിച്ചുപോയതിനാൽ ആനക്കൂട്ടത്തെ പുലിപ്പറമ്പ് കടത്താമെന്ന നാട്ടുകാരുടെ പ്രതീക്ഷയും അസ്തമിച്ചു. ആനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

