75 റൺസിന് എറിഞ്ഞിട്ടു, 6.3 ഓവറിൽ കളി തീർത്തു; ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഡൽഹിയെ 75 റൺസിന് എറിഞ്ഞിട്ട ബെംഗളൂരു 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഒൻപത് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ ജയം. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ നിന്ന് 34 റൺസെടുത്തു. നേരത്തേ ബെംഗളൂരിനായി ജോഷ് ഹേസൽവുഡ് നാലും ഭുവനേശ്വർ കുമാർ മൂന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റേത് മികച്ച തുടക്കമായിരുന്നു. വിരാട് കോലിയും ജേക്കബ് ബെത്തലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രണ്ടോവറിൽ 13 റൺസാണ് ടീമെടുത്തത്. എന്നാൽ മൂന്നാം ഓവറിൽ കൈൽ ജാമിസണെ ബെത്തൽ രണ്ട് തവണ അതിർത്തികടത്തി. അഞ്ചാം പന്തിൽ താരം പുറത്തായി. 11 പന്തിൽ 20 റൺസാണ് ബെത്തലിന്റെ സമ്പാദ്യം. വൺഡൗണായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും അടിച്ചുകളിച്ചതോടെ ടീം അതിവേഗം ലക്ഷ്യത്തോടടുത്തു.
നാലാം ഓവറിൽ 12 റൺസാണ് പിറന്നത്. അഞ്ചാം ഓവറിലും കത്തിക്കയറിയ പടിക്കൽ ടീമിനെ അമ്പത് കടത്തി. രണ്ട് വീതം സിക്സറും ഫോറുമടക്കം 21 റൺസാണ് ഓവറിൽ ആർസിബി അടിച്ചെടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലായിരുന്നു ബെംഗളൂരു. ഏഴാം ഓവറിൽ രണ്ട് സിക്സറടിച്ച് കോലി ടീമിന് ജയം സമ്മാനിച്ചു. കോലി 15 പന്തിൽ നിന്ന് 23 റൺസും പടിക്കൽ 13 പന്തിൽ നിന്ന് 34 റൺസുമെടുത്തു.
ആദ്യം ബാറ്റുചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിന് ഓൾഔട്ടായിരുന്നു. ബെംഗളൂരു ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ഡൽഹി ബാറ്റർമാർ നിരനിരയായി ഡഗൗട്ടിലേക്ക് തിരിച്ചു. ആർസിബിക്കായി ജോഷ് ഹേസൽവുഡ് നാലുവിക്കറ്റെടുത്തു. പവർപ്ലേയിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ ടോട്ടലാണിത്.
ഇന്നിങ്സിന്റെ രണ്ടാംപന്തിൽ സാഹിൽ പരഖിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ടാം ഓവറിൽ ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ.എൽ. രാഹുലും(1) സമീർ റിസ്വിയും മടങ്ങി. അതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസ് എന്ന നിലയിലായിരുന്നു ഡൽഹി. പവർപ്ലേയിൽ ഡൽഹി ബാറ്റർമാർ നിരനിരയായി മടങ്ങുന്നതാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്.
മൂന്നാം ഓവറിൽ ഭുവി വീണ്ടും മിന്നിച്ചു. ട്രിസ്റ്റൺ സ്റ്റബ്സും ക്യാപ്റ്റൻ അക്സർ പട്ടേലും ഭുവനേശ്വറിന് മുന്നിൽ വീണു. സ്റ്റബ്സ് അഞ്ചുറൺസെടുത്തപ്പോൾ അക്ഷർ ഡക്കായി പുറത്തായി. നാലാം ഓവറിലെ അഞ്ചാം പന്തിൽ നിതീഷ് റാണയും പുറത്തേക്ക്. ഒൻപത് പന്തിൽനിന്ന് വെറും ഒരു റൺ മാത്രമെടുത്ത് റാണ മടങ്ങിയതോടെ ടീം 8-6 എന്ന നിലയിൽ തകർന്നടിഞ്ഞു. പവർപ്ലേ അവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
ഏഴാം വിക്കറ്റിൽ ഡേവിഡ് മില്ലറും അഭിഷേക് പോറലും ചേർന്ന് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ഇരുവരും ശ്രദ്ധയോടെ കളിച്ചതോടെ ഡൽഹി സ്കോർ ചലിച്ചു. എന്നാൽ, സ്കോർ 43 ൽ നിൽക്കേ മില്ലർ പുറത്തായത് ഡൽഹിക്ക് കനത്ത പ്രഹരമായി. 18 പന്തിൽനിന്ന് 19 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഏഴാം വിക്കറ്റിൽ 35 റൺസാണ് മില്ലറും അഭിഷേകും ചേർന്നെടുത്തത്. എട്ടാം വിക്കറ്റിൽ കൈൽ ജാമിസണുമായി ചേർന്ന് പോറൽ സ്കോർ അമ്പത് കടത്തി. പിന്നാലെ 12 റൺസെടുത്ത ജാമിസൺ പുറത്തായി.
ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ അഭിഷേക് പോറലിന്റെ ഇന്നിങ്സാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. 15 ഓവർ അവസാനിക്കുമ്പോൾ 71-8 എന്ന നിലയിലായിരുന്നു ഡൽഹി. പിന്നാലെ കുൽദിപും അഭിഷേക് പോറലും പുറത്തായതോടെ ഇന്നിങ്സ് 75 റൺസിന് അവസാനിച്ചു. 30 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹിയുടെ ടോപ് സ്കോറർ. ബെംഗളൂരിനായി ജോഷ് ഹേസൽവുഡ് നാലും ഭുവനേശ്വർ കുമാർ മൂന്നും വിക്കറ്റെടുത്തു. മൂന്നോവറിൽ അഞ്ചുറൺസ് മാത്രം വിട്ടുകൊടുത്താണ് ഭുവനേശ്വർ മൂന്ന് വിക്കറ്റെടുത്തത്. ഹേസൽവുഡ് 3.3 ഓവറിൽ 12 റൺസ് വിട്ടുകൊടുത്താണ് നാലുവിക്കറ്റെടുത്തത്.

