KSDLIVENEWS

Real news for everyone

വിവരങ്ങൾ ചോരരുതെന്ന്‌ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം

SHARE THIS ON

തിരുവനന്തപുരം : സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദേശം. സെക്രട്ടേറിയറ്റിൽനിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്. ഉത്തമബോധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. യോഗ തീരുമാനങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സെക്രട്ടറിമാർക്ക് സർക്കുലർ ഇറക്കി.
സർക്കാർ പദ്ധതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യം കണക്കിലെടുത്താണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചതെന്നാണ് സൂചന. വിവാദ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ സർക്കാരിൽനിന്ന് ചോർന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്പ്രിംക്ളർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളുടെ വിവരങ്ങൾ ചോർന്നത് സർക്കാരിന്റൈ പ്രതിരോധത്തെപോലും ബാധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പശ്ചാത്തലത്തിൽ വികസന പ്രവർത്തനങ്ങൾ മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങാൻ സംവിധാനമൊരുക്കും. നാല് വർഷത്തെ ഭരണനേട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
റൂൾസ് ഓഫ് ബിസിനസ് പരിഷ്കരിക്കാനുള്ള കരട് ചട്ടങ്ങളുടെ രേഖ ചോർന്നതിലും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!