കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസര്‍കോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
കുട്ടിയെ മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരിച്ചത്.

