ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം: ഇറാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ യു.എ.ഇ

ദുബൈ: ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ ഉടൻ തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യുഎഇ. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ നിയമവിരുദ്ധമായി ഇടപെടുന്ന ഇറാന്റെ നടപടികൾക്കെതിരെ ആഗോളതലത്തിൽ കർശനമായ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു. ബഹ്‌റൈന്റെ അധ്യക്ഷതയിൽ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന ഉന്നതതല ചർച്ചയിൽ യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീൻ അൽ മറാറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര കപ്പൽ പാതകളുടെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷയ്ക്ക് ഇറാന്റെ നടപടികൾ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ ശ്രമങ്ങളെ അപലപിക്കുന്ന സുരക്ഷാ കൗൺസിൽ പ്രമേയം 2817 അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മർദത്തിനുള്ള ആയുധമായി ഉപയോഗിക്കാൻ അനുവദിക്കുന്നത് ആഗോള സുസ്ഥിരതയെയും വ്യാപാരത്തെയും തകർക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. കപ്പലുകൾക്ക് നിയമവിരുദ്ധമായി ഫീസ് ഏർപ്പെടുത്തുന്നതും മൈനുകൾ വിന്യസിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ നടപടികൾ മൂലം സമുദ്ര പരിസ്ഥിതിക്കും മറ്റുമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യുഎഇ ആവശ്യപ്പെട്ടു. കടലിടുക്ക് അടച്ചിടുന്നത് ഊർജ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കും. ചർച്ചയ്ക്ക് മുന്നോടിയായി ബഹ്‌റൈൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ 90-ലധികം രാജ്യങ്ങൾ ഇറാനെതിരെ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു. നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിച്ച് കപ്പൽ ഗതാഗതം സുഗമമാക്കാൻ ഇറാൻ തയ്യാറാകണമെന്ന് ഈ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കണമെന്നും ഇതിനായുള്ള എല്ലാ ആഗോള ശ്രമങ്ങളെയും യുഎഇ പിന്തുണയ്ക്കുമെന്നും ശൈഖ് ഖലീഫ ഷഹീൻ അൽ മറാർ വ്യക്തമാക്കി.

