KSDLIVENEWS

Real news for everyone

ബംഗാളിലെ സംഘർഷം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍, മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നുറച്ച് മമത

SHARE THIS ON

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് മൂന്ന് പേർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ, കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ചീഫ് സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും പ്രേരിപ്പിക്കുന്നവരെയും ഒട്ടും വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുമാരും പൊലീസ് സൂപ്രണ്ടുമാരും നേരിട്ട് മേൽനോട്ടം വഹിക്കുകയും കേന്ദ്ര സേനയുടെ സഹായത്തോടെ പട്രോളിംഗ് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമം തടയുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയും കമ്മീഷൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ടിഎംസിയുടെ ഓഫീസുകൾ തകർക്കുകയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി.

അതേസമയം ബംഗാളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയ നാടകം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മമത രാജി വെച്ചില്ലെങ്കിൽ ആർട്ടിക്കിൾ 164 പ്രകാരം സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതോടെ മമതയുടെ അധികാരം ഇല്ലാതാവുകയും ചെയ്യും. ലോക്ഭവനിൽ നടക്കുന്ന ചർച്ചക്ക് ശേഷം ഗവർണർ അന്തിമ തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!