ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും’; എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ഗുരുഗ്രാം: ജെഫ്രി എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി. ഗുരുഗ്രാമിൽ നടന്ന പൊതുപരിപാടിക്കിടെയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്നര ലക്ഷത്തോളം ഫയലുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നും പ്രധാനമന്ത്രിയുടെ ചരിത്രവും സ്വഭാവവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.ഈ ഫയലുകൾ ഉപയോഗിച്ച് അമേരിക്കൻ നേതൃത്വം പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കുകയാണ്. ‘ഡൊണാൾഡ് ട്രംപ് ചാടാൻ പറഞ്ഞാൽ നരേന്ദ്ര മോദി ചാടും’ എന്നും അദ്ദേഹം പരിഹസിച്ചു. അടുത്തിടെ ഒപ്പിട്ട പല ഇന്ത്യ-യുഎസ് കരാറുകളും ഇത്തരത്തിലുള്ള ഭീഷണിയുടെ ഫലമാണ്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും സാധാരണ ഗതിയിൽ അംഗീകരിക്കാത്ത വ്യവസ്ഥകളാണ് ഈ കരാറുകളിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട 3.5 ലക്ഷം ഫയലുകൾ നിലവിൽ അമേരിക്കയിലുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മോദിയുടെ കരിയര്‍ ഒരു മിനിറ്റിനുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ട്രംപിന്റെ അനുവാദമില്ലാതെ മോദിക്ക് ഒരു വാക്ക് പോലും ഉച്ചരിക്കാൻ സാധിക്കില്ലെന്നും രാഹുൽ പരിഹസിച്ചു. പ്രധാനമന്ത്രി എപ്പോഴും വിട്ടുവീഴ്ചക്ക് വിധേയനാണ്. ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുൽ നിരന്തരം ആരോപിക്കുന്നു.

