KSDLIVENEWS

Real news for everyone

അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു: നവവധുവിന് ദാരുണാന്ത്യം; ഭർത്താവുൾപ്പെടെ 6 പേർക്കുപരിക്ക്

SHARE THIS ON

തിരുവനന്തപുരം: ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയിൽ മിനിറ്റുകൾക്കുള്ളിൽ ഒരു മരണവും ആറുപേർക്ക് ഗുരുതരപരിക്കുമേറ്റു.

നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ നൗഷിജയാണ് (24) കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ആഷിക് സാനു ഉൾപ്പെടെയുള്ളവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകടപരമ്പര.


കഴിഞ്ഞ മാസം വിവാഹം കഴിഞ്ഞ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവൻകോണം ഭാഗത്തുനിന്ന് അമിതവേഗത്തിൽ പാഞ്ഞുവന്ന കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കവടിയാറിൽ അപകടം നടന്ന സ്ഥലത്ത് കൈവരിയില്ലാത്ത നടപ്പാത.


നൗഷിജയെയും ആഷിക്കിനെയും ഉൾപ്പെടെ ഇടിച്ചുതെറിപ്പിച്ച കാർ പിന്നെയും മുന്നോട്ടുപോയി. തുടർന്ന് രണ്ടു ബൈക്കുകളിലും രണ്ട് കാറുകളിലും ഇടിച്ചുനിൽക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷിജയുൾപ്പെടെയുള്ളവർ 20 മിനിറ്റോളമാണ് ചോരയിൽ കുളിച്ച് റോഡിലും നടപ്പാതയിലുമായി കിടന്നത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കു കാരണം ആംബുലൻസും പോലീസും സ്ഥലത്തെത്താനും വൈകി.

കുരുക്കിൽപ്പെട്ടു കിടക്കുകയായിരുന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതിയാണ് തന്റെ കാറിൽ പരിക്കേറ്റ നൗഷിജയെയും ആഷിക്കിനെയും പട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആഷിക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അപകടത്തിൽ പരിക്കേറ്റ ആഷിക്കിന്റെ ബന്ധു അസ്മ (22), കായംകുളം സ്വദേശി നിധീഷ്, കഴക്കൂട്ടം സ്വദേശി സുനിൽകുമാർ, കൊൽക്കത്ത സ്വദേശിയും കവടിയാറിലെ ബ്യൂട്ടിക്കിലെ ജീവനക്കാരനുമായ അലി അക്ബർ എന്നിവർ മെഡിക്കൽകോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്‌ളാറ്റിലെ താമസക്കാരൻ മോഹൻ തോമസ് (77) പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇയാൾ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ആഷിക്കും നൗഷിജയും വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ബന്ധുവായ അസ്മ തിരുവനന്തപുരത്ത് വിദ്യാർഥിനിയാണ്. അസ്മയെ കണ്ടതിനുശേഷം മൂവരും നടപ്പാതയിലൂടെ നടന്നുവരുമ്പോഴായിരുന്നു വാഹനം ഇടിച്ചുതെറിപ്പിച്ചത്. നൗഷാദ്-ലൈല ദമ്പതിമാരുടെ മകളാണ് നൗഷിജ. സഹോദരി: സൗഫിയ.

‘സുരക്ഷാവേലിയുണ്ടായിരുന്നെങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നു’

തിരുവനന്തപുരം: കവടിയാറിൽ കാറിടിച്ചുകയറി നവവധു മരിക്കാനിടയായ സംഭവത്തിലേക്കു നയിച്ചത് നടപ്പാതയിൽ സുരക്ഷാവേലിയില്ലാത്തതിനാൽ. റോഡിൽ ഈ ഭാഗത്ത് ഇരുവശവും സുരക്ഷാവേലികളില്ല. സുരക്ഷാവേലി ഉണ്ടായിരുന്നുവെങ്കിൽ നിയന്ത്രണംതെറ്റിവന്ന കാർ അതിലിടിച്ച് അപകടത്തിന്റെ തീവ്രത കുറയുമായിരുന്നു. പെൺകുട്ടിക്ക് ജീവാപായം ഉണ്ടാകുമായിരുന്നില്ലെന്നും ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി.

നിയന്ത്രണംവിട്ട കാർ ഇടത്തേക്കു തിരിഞ്ഞതോടെ കൈവരിയില്ലാത്ത നടപ്പാതയിലേക്ക് അനായാസം കയറുകയായിരുന്നു. ഈ ഭാഗത്ത് ഫുട്പാത്തും റോഡും തമ്മിൽ ഉയരവ്യത്യാസവുമില്ല. നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാർ എതിരേവന്നവരെയും വാഹനങ്ങളെയും ഇടിച്ചിട്ട ഭീകര സംഭവത്തിന്റെ ഞെട്ടലിലായിരുന്നു ഏവരും. കവടിയാർ ഭാഗത്തെ റോഡ് ഗതാഗതക്കുരുക്കിലുമായി. അപകടത്തിൽപ്പെട്ടവരും വാഹനങ്ങളും റോഡിൽ കിടന്നതോടെ മറ്റു വാഹനങ്ങൾക്കു മുന്നോട്ടുനീങ്ങാൻ കഴിയാതെയായി. ആംബുലൻസും പോലീസ് വാഹനവും അപകടസ്ഥലത്തേക്ക് എത്താൻ വൈകിയതും ഇതുകാരണമായിരുന്നു.

അപ്പോഴും റോഡിൽ പരിക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. മൊബൈൽേഫാണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നവരുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തയ്യാറായവർക്കാണെങ്കിൽ വാഹനം തിരക്കിൽനിന്നു നീക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു.

ഒടുവിൽ സന്ദീപ് മുന്നിട്ടിറങ്ങി

തിരുവനന്തപുരം: ”പത്തുമിനിറ്റോളം ട്രാഫിക്കിൽപ്പെട്ടു കിടന്നപ്പോഴാണ് എന്താണെന്ന് തിരക്കാൻ കാറിൽനിന്നിറങ്ങിയത്. മുന്നോട്ടു നടന്നുചെന്നപ്പോൾ കാണുന്നത് ഭീകരമായ അപകടദൃശ്യം. രണ്ടു പെൺകുട്ടികളടക്കം ചോരയിൽ കുളിച്ച് റോഡിൽ കിടന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാൻ മുതിരുന്നില്ല” -കവടിയാർ അപകടത്തിൽ മരിച്ച നൗഷിജയെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതിയുടെ വാക്കുകൾ.

പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നതിന്റെ വേദനയിലാണ് സന്ദീപ്. വെള്ളിയാഴ്ച രാവിലെ കവടിയാറിൽ അപകടം നടന്നതിന് പിന്നാലെയാണ് സന്ദീപ് കാറിൽ അവിടെ എത്തിയത്. അനുജന്റെ വീട്ടിലേക്ക് പോകാനുള്ള യാത്രക്കിടെയാണ് റോഡ് ബ്ലോക്കായത്.

കുറച്ചുകഴിഞ്ഞാണ് വാഹനാപകടമാണെന്ന് മനസ്സിലായത്. ഉടനെ കാറിൽനിന്നിറങ്ങി അപകടസ്ഥലത്തെത്തുമ്പോൾ കാണുന്നത് മൂന്നു കാറുകളും സ്‌കൂട്ടറും അപകടത്തിൽ തകർന്നുകിടക്കുന്നതാണ്. മരണപ്പെട്ട പെൺകുട്ടിയടക്കം ചിലർ പരിക്കേറ്റ നിലയിൽ റോഡിൽ കിടക്കുന്നു.

അപകടം നടന്ന് 20 മിനിറ്റോളം കഴിഞ്ഞിട്ടും ആരും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നില്ല. റോഡ് ബ്ലോക്കായതോടെ പോലീസിനും ആംബുലൻസിനും അവിടേക്ക് എത്തിപ്പെടാനുമായില്ല. പരിക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സഹായിക്കണമെന്ന് അവിടെയുണ്ടായിരുന്നവരോട് സന്ദീപ് അഭ്യർഥിച്ചു. ഒരുപാട് പിന്നിൽ കിടന്ന തന്റെ കാറിലേക്ക് പരിക്കേറ്റ പെൺകുട്ടിയെയും പരിക്കേറ്റ മറ്റൊരാളെയും അവിടെയുണ്ടായിരുന്നവർ ചേർന്ന് കയറ്റാൻ സഹായിച്ചു. വേഗത്തിൽ പട്ടത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

അല്പംകൂടി നേരത്തെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞേനെയെന്നാണ് സന്ദീപ് പറയുന്നത്.

ദൃശ്യങ്ങൾ കണ്ണിൽനിന്ന് മായാതെ കണ്ണൻ

തിരുവനന്തപുരം: സെക്കൻഡുകളുടെ വ്യത്യാസത്തിൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെയും കൺമുന്നിൽ മറ്റൊരു ദുരന്തം കണ്ടതിന്റെയും ഞെട്ടലിലാണ് കണ്ണൻ. കവടിയാർ വാഹനാപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കണ്ണൻ കുറവൻകോണം-കവടിയാർ റോഡിലെ ഹീര ഫ്‌ളാറ്റിലെ താമസക്കാരനാണ്. സിനിമാപ്രവർത്തകൻ കൂടിയായ എ.ആർ. കണ്ണന്റെ വാക്കുകളിൽ തന്റെ ഫ്‌ളാറ്റിന്റെ കവാടത്തിൽ നടന്ന അപകടത്തിന്റെ ഭീകരതയുണ്ട്.

പത്തരയോടെ കുറവൻകോണത്തെ ബാങ്കിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ഇദ്ദേഹം. കവാടം കടന്ന് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ കുറവൻകോണം ഭാഗത്തുനിന്ന് അമിതവേഗതയിൽ കാർ പാഞ്ഞുവരുന്നത് കണ്ടു. ആ സമയത്ത് തിരക്കുള്ള റോഡിൽ ഇങ്ങനെയൊരു വാഹനം പാഞ്ഞുവരുന്നത് കണ്ടപ്പോൾത്തന്നെ അസ്വാഭാവികത തോന്നിയതായി കണ്ണൻ പറഞ്ഞു. പന്തികേടു തോന്നിയതിനാൽ ദൂരെനിന്നു തന്നെ കൈകളുയർത്തി വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതായും കണ്ണൻ പറഞ്ഞു. അപ്പോഴേക്കും കാർ താൻ നിന്നിരുന്ന നടപ്പാതയിലേക്ക് പാഞ്ഞുകയറി. പെട്ടെന്നുണ്ടായ പ്രേരണയിൽ വലത്തേക്ക് ചാടിമാറിയതിനാൽ കാർ ഇടിച്ചില്ല. സെക്കൻഡുകളുടെ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ. നടന്നതെന്തെന്ന് തിരിച്ചറിയും മുൻപുതന്നെ തൊട്ടടുത്ത് നിലവിളിയും വലിയ ശബ്ദവും കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് തനിക്ക് പിന്നിലായി രണ്ടുമൂന്നുപേർ കാറിടിച്ച് തെറിച്ചുവീഴുന്നതാണ്. മൂന്നുപേർ ചോരയിൽ കുളിച്ച് നടപ്പാതയിലും റോഡിലുമായി കിടക്കുന്നു.

മൂന്നുപേരെ ഇടിച്ചിട്ടശേഷം വീണ്ടും റോഡിലേക്കിറങ്ങിയ കാർ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. പിന്നെയും മുന്നോട്ടുപാഞ്ഞ് എതിരേവന്ന കാറിലിടിച്ച് കറങ്ങി മറ്റൊരു കാറിന്റെ മുൻവശത്ത് ഇടിച്ചുനിന്നു -കണ്ണൻ പറയുന്നു.

ഇത്രയും വലിയ അപകടം നടന്നിട്ടും ആദ്യം ആരും വാഹനം നിർത്തുകയോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് കണ്ണൻ പറഞ്ഞു. 20 മിനിറ്റോളമാണ് പരിക്കേറ്റവർ റോഡിൽ കിടന്നത്. ആരെങ്കിലും അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ആ കുട്ടിയെ രക്ഷിക്കാമായിരുന്നു -കണ്ണൻ വേദനയോടെ പറഞ്ഞു.

ഒച്ച കേട്ട് പുറത്തേക്കിറങ്ങി; കണ്ടത് ദാരുണദൃശ്യം

തിരുവനന്തപുരം: ”പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് പുറത്തേക്കിറങ്ങിയത്. മുന്നിൽ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു പെൺകുട്ടിയെ. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ അല്പനേരമെടുത്തു” -അപകടം നടന്ന കവടിയാർ റോഡ് ഹീരാ ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരൻ സോമൻ പറഞ്ഞു.

തന്റെ മുന്നിൽ കിടന്ന പെൺകുട്ടി മരിച്ചുവെന്ന് ഇദ്ദേഹം പിന്നീടാണറിയുന്നത്. ഗേറ്റിനോട് ചേർന്ന സെക്യുരിറ്റി കാബിനിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം.

പുറത്തിറങ്ങി വശത്തേക്ക് നോക്കുമ്പോൾ ഒന്നുരണ്ടുപേർ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപൊങ്ങി തലയിടിച്ച് നടപ്പാതയിലും റോഡിലുമായി വീഴുന്നതാണ് കണ്ടത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും ശ്രമിച്ചില്ലെന്ന് ഇദ്ദേഹവും പറഞ്ഞു. ഇതിനിടെ ഫ്‌ളാറ്റിലെ ഒരു താമസക്കാരൻ തന്റെ കാറിൽ ഒന്നുരണ്ടുപേരെ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!