അന്തിമചർച്ചകളിലും കെ.സി. മുന്നിൽ? കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നോ നാളെയോ അറിയാം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തിലുള്ള അന്തിമഘട്ട ചർച്ചകളിലും കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം. പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 63 എംഎൽഎമാരിൽ ഏറ്റവും കൂടുതൽ പേർ ആരെയാണ് പിന്തുണച്ചത് എന്നത് മാത്രമാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം.
ഇന്നലെ രാത്രിതന്നെ ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുമായി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് ഇനി സാധ്യതയെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ ഘടകകക്ഷികൾക്കും വലിയ എതിർപ്പുണ്ടാവില്ല എന്നുമാണ് ഡൽഹിയിൽനിന്നും ലഭിക്കുന്ന വിവരം.
പ്രഖ്യാപനം കേരളത്തിൽവെച്ച് വേണോ അതോ ഡൽഹിയിൽവെച്ച് വേണോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഡൽഹിയിൽവെച്ചാണെങ്കിൽ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ ആയിരിക്കും പ്രഖ്യാപനം നടത്തുക. കേരളത്തിലാണെങ്കിൽ നിയമസഭാ കക്ഷിയോഗം വിളിച്ച് ഹൈക്കമാൻഡിന്റെ തീരുമാനം അവിടെവെച്ച് അറിയിച്ചേക്കും.
മുഖ്യമന്ത്രിക്കൊപ്പം, അനുനയരീതിയിൽ ഉപമുഖ്യമന്ത്രി പദം ഉണ്ടായേക്കും എന്ന വാർത്തകൾ നേരത്തെ വന്നിരുന്നുവെങ്കിലും നിലവിൽ ഇതിന് സാധ്യതയില്ല എന്ന വിവരമാണ് ഹൈക്കമാൻഡുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നത്. തർക്കത്തിൽ നിൽക്കുന്ന ആളുകളെ കാബിനറ്റിൽ നല്ല വകുപ്പുകൾ കൊടുത്ത് ഒപ്പം നിർത്താനുള്ള നീക്കവും ഹൈക്കമാൻഡ് സ്വീകരിച്ചേക്കാം.
പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ, 17 വർഷങ്ങൾക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കെ.സി. വേണുഗോപാലിന്റെ മടങ്ങിവരവാകും ഇത്. പൊതുജനവികാരം എന്ന തരത്തിൽ ഉയർന്നുവന്നിട്ടുള്ള പ്രതികരണങ്ങളേയും ഘടകകക്ഷികളുടെ താൽപര്യത്തേയും ഹൈക്കമാൻഡ് മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നാണ് വിവരം.
നിയമസഭാ കക്ഷിയിലെ എംഎൽഎമാരുടെ ഭൂരിപക്ഷമനുസരിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പരമ്പരാഗതമായ രീതി. ഭൂരിഭാഗം എംഎൽഎമാരും കെ.സി.യെയാണ് പിന്തുണച്ചത് എന്ന തരിത്തിലുള്ള വിവരങ്ങളാണ് നേരത്തേമുതൽ തന്നെ പുറത്തുവന്നിരുന്നത്. ഇതിനുപിന്നാലെയാണ് വി.ഡി. സതീശനേയും രമേശ് ചെന്നിത്തലയേയും ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ച് അവർക്ക് പറയാനുള്ളത് കേട്ടശേഷം, കേന്ദ്രനേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനം അറിയിക്കാം എന്നുപറഞ്ഞാണ് നേതാക്കളെ കേരളത്തിലേക്ക് തിരിച്ചുവിട്ടത്. ഇതിനുശേഷം നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുംതന്നെ കോൺഗ്രസ് പാർട്ടി ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്തായാലും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും എന്ന വിവരമാണ് ഹൈക്കമാൻഡുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നത്.

