ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ട്വിസ്റ്റ്: സ്വര്‍ണം തിരികെ നല്കി കള്ളന്; കേസെടുക്കരുതെന്നു അപേക്ഷ സാധാരണ കള്ളനല്ലെന്ന് ഡോക്ടർ

കോഴിക്കോട്: ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വൻ ട്വിസ്റ്റ്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കള്ളൻ തന്നെ ഡോക്ടറുടെ വീട്ടിൽ തിരികെ എത്തിച്ചു. ഇന്ന് രാവിലെയാണ് ഡോക്ടറുടെ വീടിന് മുന്നിൽ ഒരു പാർസൽ കണ്ടത്. തുടർന്ന് ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിൻ്റെ സാന്നിധ്യത്തിൽ പാഴ്സൽ തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.
അതിൽ ഒരു കത്തും ഉണ്ടായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളിൽ രണ്ടുപവൻ വിറ്റുപോയെന്നും അത് താൻ തിരികെ നൽകുമെന്നും കത്തിൽ പറയുന്നു. കേസെടുക്കരുതെന്നും അബദ്ധം പറ്റിയതാണെന്നും അപേക്ഷിക്കുന്നുമുണ്ട്. എന്നാൽ എടുത്ത സ്വർണം വീട്ടിൽ തിരികെ കൊണ്ടുവയ്ക്കാൻ കള്ളൻ കാണിച്ച ധൈര്യത്തിൽ പകച്ചുനിൽക്കുകയാണ് ഡോക്ടർ. കള്ളൻ ഒരു സാധാരണ കള്ളനല്ലെന്ന് ഡോക്ടർ പറയുന്നു. അതേസമയം എത്രയും പെട്ടെന്ന് കള്ളൻ വലയിലാകുമെന്നാണ് പൊലീസ് ഉറപ്പുനൽകുന്നത്.
കള്ളനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിൽ അടക്കം പൊലീസ് ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് നിൽക്കക്കള്ളിയില്ലാതെയാണ് മോഷ്ടിച്ച ആഭരണങ്ങൾ തിരികെ ഏൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂർ-കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള ആൾ തന്നെയാകാം പ്രതിയെന്നും പൊലീസ് പറഞ്ഞു.
പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിൻ്റെ വീട്ടിൽ മെയ് എട്ടാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്. എന്നാൽ 10-ാം തീയതിയാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. വീടിൻ്റെ മുകൾ നിലയിൽ കയറിയാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
10-ാം തീയതി പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ അലമാരയിൽ നിന്ന് സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല.

