KSDLIVENEWS

Real news for everyone

ചെന്നിത്തല എന്റെ ലീഡറാണ്, നല്ല ടീമുണ്ടാകും: പിണറായിയെയും കാണും; വി.‍ഡി. സതീശൻ

SHARE THIS ON

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നിത്തലയെ ഉറപ്പായും കാണുമെന്നും അദ്ദേഹം തന്റെ നേതാവാണെന്നും സതീശൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച യുഡിഎഫ് യോഗമുണ്ട്. ഘടകകക്ഷികളുമായി വിശദമായ ചർച്ച നടത്തും. കെ.സി. വേണുഗോപാൽ ഇന്ന് വരും. രമേശ് ചെന്നിത്തലയും സണ്ണി ജോസഫും എഐസിസി നേതൃത്വവുമുണ്ട്. എല്ലാവരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക. രമേശ് ചെന്നിത്തലയെ ഉറപ്പായും കാണും. അദ്ദേഹം എന്റെ ലീഡറാണ്. പിണറായി വിജയനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കാണും. നല്ല ടീമായിരിക്കും മന്ത്രിസഭയിൽ ഉണ്ടാകുകയെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നാണ് നേരത്തേ മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചെന്നിത്തല മറുപടി നൽകിയത്. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ്. ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിസഭാരൂപീകരണത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രമേശ് ചെന്നിത്തലയുടെ പദവി നിശ്ചയിക്കലാകും.

അതേസമയം മുസ്ലിം ലീഗിനെതിരായ വർഗീയ പ്രചാരണങ്ങളെയും സതീശൻ വിമർശിച്ചു. മുസ്ലിം ലീഗ് കോൺഗ്രസിന്റെ കൂടെയുള്ള പ്രധാന ഘടകകക്ഷിയാണ്. വിജയത്തിൽ നിർണായകപങ്കുവഹിച്ച കക്ഷിയാണ്. അവരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ഒരു വിദ്വേഷ ക്യാംപയിൻ കേരളത്തിലുണ്ടാക്കി, ഒരു വിഭജനം ഉണ്ടാക്കാനാണ്. മുസ്ലിം ലീഗ് ദുർബലമായാൽ ആ സ്‌പേസ് ആര് കൊണ്ടുപോകും? വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടുത്തുനിർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. ലീഗിനെ എതിർക്കുന്നവർ അത് മനസിലാക്കണം.

വിദ്വേഷ പ്രാരണത്തിന് എതിരായിട്ട് ഒരു ഒത്തുതീർപ്പുമില്ല. മതേതര നിലപാടിൽ വിട്ടുവീഴ്ചയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒത്തുതീർപ്പ് നടത്തിയിട്ടില്ല പിന്നെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം രാജ്യത്തോടുള്ള കേരളത്തിന്റെ പ്രഖ്യാപനമാണ്. – സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!