KSDLIVENEWS

Real news for everyone

യു.എസിൽ വിവാഹദിവസം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു: പ്രവാസി മലയാളിയായ വരനും പൈലറ്റും മരിച്ചു

SHARE THIS ON

എടത്വ (ആലപ്പുഴ): യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം.

ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. രണ്ടു വർഷം മുൻപാണ് സാം നാട്ടിൽ വന്നു മടങ്ങിയത്. മകന്റെ വിവാഹം 6 വർഷം മുൻപ് നാട്ടിൽ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടിൽ വിവരം ലഭിച്ചത്.  അപകടത്തെക്കുറിച്ച് യു‌എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!