KSDLIVENEWS

Real news for everyone

കപ്പൽ ആക്രമണം: യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

SHARE THIS ON

ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലായ ‘സെറ്റബെല്ലോ’ ആക്രമിക്കപ്പെട്ട സംഭവത്തിൽ അമേരിക്കയോട് ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം (ഡെമാർഷെ) അറിയിച്ചത്.

ഒമാനിലെ സൊഹാർ തുറമുഖത്തിന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തുളച്ച് കയറികപ്പലിൽ വൻ തീപിടുത്തമുണ്ടായത്. പലാവു പതാകയുള്ള ഇന്ധനടാങ്കറിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഇവരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും, മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ലംഘിച്ചതിനാലാണ് കപ്പൽ ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അമേരിക്കൻ സേനയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കപ്പൽ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് കപ്പലിനെ പ്രവർത്തനരഹിതമാക്കുകയായിരുന്നുവെന്ന് യുഎസ് അവകാശപ്പെട്ടു

മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ ‘തീർത്തും ആശങ്കാജനകമാണെന്ന്’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും, സമാധാനം പുനഃസ്ഥാപിക്കാനായി നയതന്ത്ര ചർച്ചകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തടസ്സമില്ലാത്ത ഗതാഗതവും വാണിജ്യവും ഉറപ്പാക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാർക്കായി ഒമാൻ അധികൃതരുമായി സഹകരിച്ച് ഇന്ത്യൻ എംബസി ഏകോപിക്കു്ന്ന തിരച്ചിൽ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!