KSDLIVENEWS

Real news for everyone

ഷിഗെല്ല ബാധിച്ച് വീണ്ടും മരണം: മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരി മരിച്ചു

SHARE THIS ON

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. ഇന്നലെ മരിച്ച മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്താകെ 12 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ഇതോടെ ഈ മാസം മാത്രം രോഗബാധിതരുടെ എണ്ണം 91 ആയി. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.

ഇന്നലെയാണ് ആലിപ്പറമ്പ് സ്വദേശിനി മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിൽ ഇന്ന് ഇവർക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂരിലും ഇന്ന് രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മൂര്യാട് സ്വദേശിയായ 62കാരിക്കും പാപ്പിനിശ്ശേരി സ്വദേശിയായ അഞ്ച് വയസുകാരിക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഷിഗെല്ല രോഗം വ്യാപിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും പരിശോധന കർശനമാക്കണമെന്നും നിർദേശമുണ്ട്. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കരുതെന്നും പകർച്ചവ്യാധികളുടെ വ്യാപനം മുൻനിർത്തി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.

അതേസമയം, ഡെങ്കിപ്പനി വ്യാപനത്തെയും സംസ്ഥാനത്തെ ജനങ്ങൾ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി കേസുകൾ വരുംദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഉറവിട നശീകരണത്തിന് ആരോഗ്യവകുപ്പ് ഡ്രൈഡേ കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ജില്ലകളിൽ ഡ്രൈഡേ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർമാർക്കും, ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശവകുപ്പിന്‍റെ പങ്കാളിത്തത്തോടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!