KSDLIVENEWS

Real news for everyone

തോറ്റിട്ടും തോൽക്കാത്ത വീര്യം; ഇംഗ്ലണ്ടിനെ വിറപ്പിച്ച് കോംഗോയുടെ പോരാട്ടം

SHARE THIS ON

ലോകകപ്പ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് കളിക്കുന്ന ഒരു സംഘം ഇത്ര മൂർച്ചയോടെ മുൻ ചാമ്പ്യന്മാരെ വിറപ്പിക്കുമെന്ന് ഒരു ഫുട്ബോൾ പ്രേമിയും കരുതിക്കാണില്ല. അമ്പത് വർഷത്തിന് ശേഷം ലോകകപ്പിനെത്തുന്ന കോംഗോ നോക്കൗട്ടിൽ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന് സമാനതകളില്ല. ഹാരി കെയ്നിന്റെ ആ രണ്ട് ഗോളുകളില്ലായിരുന്നെങ്കിൽ അവർ മറ്റൊരു ചരിത്രം രചിച്ചേനെ. ഒടുക്കം പോരാടി മടങ്ങുന്നു കോംഗോ. വിറച്ചുജയിച്ച് ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക്.

1974 ലോകകപ്പിൽ സയർ എന്ന പേരിൽ. ബെൽജിയത്തിന്റെ കോളനിയായിരുന്ന ഈ രാജ്യം ബെൽജിയൻ കോംഗോ, കോംഗോ കിൻഷാസാ തുടങ്ങിയ പേരുകളിലും ഫുട്‌ബോൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പൂർണമായും സ്വതന്ത്രമായ ശേഷം ഇതാദ്യമായി ലോകകപ്പിനെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ പോർച്ചുഗലിനെ വിറപ്പിച്ച് അവർ കൈയടി നേടുകയും ചെയ്തു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെയും.

ബുദ്ധിമുട്ടേറിയ മത്സരമായിരിക്കുമെങ്കിലും ഒന്നും അസാധ്യമല്ലെന്ന് പറഞ്ഞാണ് കോംഗോ കോച്ച് സെബാസ്റ്റിയൻ ഡെസബ്ര ആ പതിനൊന്നുപേരെ ഇംഗ്ലീഷ് പടയ്‌ക്കെതിരേ കളിക്കാനിറക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെയടക്കം വിറപ്പിച്ചാണ് കോംഗോ തുടങ്ങിയത്. അതിന്റെ ആവർത്തനമായിരുന്നു ഹൂസ്റ്റണിൽ റൗണ്ട് ഓഫ് 32 മത്സരത്തിൽ കണ്ടത്. ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും അടങ്ങുന്ന പേരുകേട്ട സൂപ്പർ താരനിരയ്‌ക്കെതിരേ കോംഗോ പൊരുതി.

മത്സരത്തിൽ ഇംഗ്ലണ്ട് നിലയുറപ്പിക്കുംമുൻപേ കോംഗോ ലീഡ് നേടി. അതും ഏഴാം മിനിറ്റിൽ. ബ്രയാൻ സിപംഗയാണ് സ്‌കോറർ. മൈതാനമധ്യത്തുനിന്ന് ചാൻസൽ എംബെംബ നൽകിയ ക്രോസ് ഇംഗ്ലണ്ട് ബോക്‌സിനകത്തുവെച്ച് സിപെംഗയ്ക്ക ലഭിച്ചു. ഇടതുകാൽ കൊണ്ട് മനോഹരമായി പന്തിനെ ചാപ് ചെയ്ത് ഒതുക്കിയ സിപെംഗെ വലതുകാലുകൊണ്ട് ഉഗ്രൻ ഷോട്ടുതിർത്തു. അത് തടയാൻ ഇംഗ്ലീഷ് ഗോളി ജോർഡൻ പിക്ക്‌ഫോർഡിന് കഴിഞ്ഞില്ല. സിപെംഗയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. അതോടെ കോംഗോ ആരാധകർ പൊട്ടിത്തെറിച്ചു. ഇംഗ്ലണ്ട് ഞെട്ടിത്തരിച്ചു.

സ്വപ്‌നസമാനമായ ആ തുടക്കത്തിന് പിന്നാലെ കടുത്ത പോരാട്ടമാണ് കോംഗോ കാഴ്ചവെച്ചത്. ഗോൾ വീണതിന് പിന്നാലെ ഇംഗ്ലണ്ട് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഹാരി കെയ്‌നും റാഷ്‌ഫോർഡും പലതവണ കോംഗോ ബോക്‌സിൽ കയറിയിറങ്ങി. മറുവശത്ത് കോംഗോ അമിത പ്രതിരോധത്തിന് പോയതേയില്ല. കിട്ടിയ അവസരങ്ങളിൽ മുന്നേറി. അതോടെ ഇംഗ്ലണ്ട് പ്രതിരോധം ആടിയുലഞ്ഞു. മത്സരം അൽപ്പം പരുക്കനുമായി. ബെല്ലിങ്ങാമും കോംഗോയുടെ നോവ സാദിക്കിയും മഞ്ഞക്കാർഡ് വാങ്ങി. 28-ാം മിനിറ്റിൽ എസ്രി കോൻസയും 30-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമും ഗോളിനടുത്തെത്തി. കോംഗോ ഗോളി ലയണൽ എംപാസിയുടെ തകർപ്പൻ സേവുകളാണ് ടീമിനെ രക്ഷിച്ചത്.

പിന്നീട് തുടരെത്തുടരെ ഇംഗ്ലീഷ് മുന്നേറ്റങ്ങളുണ്ടായി. ഹാരി കെയ്‌നും റാഷ്‌ഫോർഡും സമനില ഗോൾ അടിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങൾ. പക്ഷേ കോംഗോ വിട്ടുകൊടുക്കാൻ തയ്യാറായില്ല. കോംഗോ ഗോളി ലയണൽ എംപാസിയുടെ സേവുകളാണ് ടീമിനെ രക്ഷിച്ചത്. മാത്രമല്ല, ഇംഗ്ലീഷ് നിരയ്‌ക്കെതിരേ ഒരു ഭയവുമില്ലാതെയാണ് കോംഗോ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് മത്സരം കളിച്ചത്. 42-ാം മിനിറ്റിൽ കോംഗോ രണ്ടാം ഗോൾ നേടുമെന്ന് തോന്നിച്ചു. പക്ഷേ യോനെ വിസ്സയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 45-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിന്റെ തകർപ്പൻ ഹെഡർ കോംഗോ ഗോളി ഒറ്റ കൈ കൊണ്ടാണ് തടുത്തിട്ടത്. ആദ്യ പകുതി 1-0 ന് കോംഗോ മുന്നിട്ടുനിന്നു.

പ്രതിരോധത്തിലേക്ക് വലിഞ്ഞാൽ തിരിച്ചടിനേരിടേണ്ടിവന്നേക്കാമെന്ന് കരുതി ആക്രമിച്ച് തന്നെയാണ് രണ്ടാം പകുതി കോംഗോ കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലീഷ് ബോക്‌സിലേക്ക് കോംഗോ വിങ്ങർമാർ കയറിയിറങ്ങി. ഇടുവിങ്ങിലൂടെയായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ. അത് പ്രതിരോധിക്കാൻ ടുഷേലും സംഘവും നന്നായി ബുദ്ധിമുട്ടി. ആന്തണി ഗോർഡനെയും ബുക്കായോ സാക്കയെയും ടുഷേൽ കളത്തിലിറക്കി. നിരന്തരം ആക്രമിച്ചുകളിച്ചു. ഒടുക്കം ഇംഗ്ലണ്ടിന്റെ തിരിച്ചടിയെത്തി. 75-ാം മിനിറ്റിൽ ഹാരി കെയ്ൻ കിടിലൻ ഹെഡറിലൂടെ ഗോൾ മടക്കി. സ്കോർ 1-1.

അവിടെയും തീർന്നില്ല. ആക്രമണം തുടർന്ന ഇംഗ്ലണ്ട് പിന്നേയും കോംഗോ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടേയിരുന്നു. പിന്നാലെ രണ്ടാം ഗോളുമെത്തി. 86-ാം മിനിറ്റിൽ ഉഗ്രൻ ഷോട്ടിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ബോക്സിനുള്ളിൽ നിന്ന് പോസ്റ്റോ ഗോളിയേയോ നോക്കാതെ നിമിഷനേരം കൊണ്ട് ഷോട്ടുതിർത്തു. ഒരു ക്ലിനിക്കൽ ഫിനിഷറുടെ മാസ്റ്റർപീസ് ഗോൾ. അതോടെ ഇംഗ്ലീഷ് മുന്നിൽ. പിന്നീട് സമനില പിടിക്കാൻ കോംഗോയ്ക്കായില്ല. അതോടെ 2-1 ന് ജയിച്ച് ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക്. തോറ്റെങ്കിലും തലയുയർത്തിയാണ് കോംഗോ മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!